പ്രസിഡന്റ് പദവി വ്യവസ്ഥയില്‍ വിമര്‍ശനം, ചൈനയില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്ക്


ബെയ്ജിംഗ് : ചൈനീസ് പ്രസിഡന്റ് പദവിയില്‍ ഒരാള്‍ക്ക് രണ്ടുവട്ടം മാത്രമേ സ്ഥാനത്തിരിക്കാന്‍ കഴിയുള്ളുവെന്നുള്ള കാലപരിധി സംബന്ധിച്ച വ്യവസ്ഥയില്‍ പുതിയ ഭേദഗതി നടപ്പാക്കാന്‍ നിര്‍ദേശിച്ചതിനു പിന്നാലെ ചൈനയില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്ക്.


കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ പുതിയ നീക്കം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ചകള്‍ക്കും വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ സെന്‍സര്‍ നടപടി സ്വീകരിച്ചത്. സിനാ വീബോ മൈക്രോബ്ലോഗിന് ഞായറാഴ്ച മുതല്‍ സര്‍ക്കാര്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. പ്രസിഡന്റ് ഷി ചിന്‍പിങ്ങിന് ഇഷ്ടമുള്ള കാലമത്രയും അധികാരത്തില്‍ തുടരാന്‍ വഴിയൊരുക്കുന്നതാണു ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ പുതിയ നീക്കം.


തുടര്‍ച്ചയായി രണ്ടു വട്ടത്തിലധികം പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരത്തിലിരിക്കരുതെന്ന ഭരണഘടനാവ്യവസ്ഥ ഒഴിവാക്കാനുള്ള പാര്‍ട്ടി കേന്ദ്രകമ്മിറ്റിയുടെ ശുപാര്‍ശ ഇന്നു നടക്കുന്ന പാര്‍ട്ടി പ്ലീനം അംഗീകരിക്കും. ഇതോടെ ഷി ചിന്‍പിങ് (64) ആധുനിക ചൈനയിലെ ഏറ്റവും ശക്തനായ നേതാവായി മാറും. 2023 ലാണു ഷി ചിന്‍പിങ്ങിന്റെ രണ്ടാം വട്ട കാലയളവു പൂര്‍ത്തിയാകുന്നത്.

എന്നാല്‍, പാര്‍ട്ടിയുടെ ഈ നീക്കത്തിനെതിരേ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ആശങ്ക ഉയര്‍ന്നെങ്കിലും ചൈന അതിനെ അവഗണിക്കുകയായിരുന്നു. പ്രതിന്ധി ഘട്ടത്തില്‍ രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ ശക്തവും സുസ്ഥിരവുമായ നേതൃത്വം വേണമെന്നാണ് പാര്‍ട്ടിയുടെ വാദം.



Sharing is Caring