തിരുവനന്തപുരം: പ്രശസ്ത ഫൊറന്‍സിക് സര്‍ജനും മുന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ. ബി ഉമാദത്തന്‍(73) അന്തരിച്ചു. ഇന്ന് രാവിലെ ഒന്‍പത് മണിക്ക് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം . കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം . സംസ്‌കാരം തിരുവനന്തപുരത്തെ കരിക്കകത്തെ വസതിയില്‍ വ്യാഴാഴ്ച രാവിലെ 11ന് നടക്കും.1946 മാര്‍ച്ച് 12ന് സംസ്‌കൃത പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന പ്രൊഫ. കെ. ബാലരാമപ്പണിക്കരുടെയും പവര്‍കോട് ജി. വിമലയുടെയും മകനായാണ് ഉമാദത്തന്‍ ജനിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസും എം.ഡിയും പാസായി. 1969ല്‍ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ ട്യൂട്ടറായി ജോലിയില്‍ പ്രവേശിച്ചു.തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, മെഡിക്കല്‍ കോളേജുകളില്‍ പ്രൊഫസറും വകുപ്പ് തലവനും പൊലീസ് സര്‍ജനുമായി പ്രവര്‍ത്തിച്ചിരുന്നു. പല കൊലപാതകകേസുകളും കുറ്റകൃത്യങ്ങളും കണ്ടെത്താന്‍ അദ്ദേഹത്തിന്റെ സേവനം പൊലീസിനെ സഹായിച്ചു. ഗവ മെഡിക്കോ ലീഗല്‍ എക്‌സ്‌പെര്‍ട്ട് ആന്‍ഡ് കണ്‍സള്‍ട്ടന്റ്, കേരള പൊലീസിന്റെ മെഡിക്കോ ലീഗല്‍ ഉപദേശകന്‍, ലിബിയ സര്‍ക്കാരിന്റെ മെഡിക്കോ ലീഗല്‍ കണ്‍സള്‍ട്ടന്റ് തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചു.പൊലീസ് സര്‍ജന്റെ ഓര്‍മ്മകുറിപ്പുകള്‍, ക്രൈം കേരളം, കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം തുടങ്ങി നിരവധി ശാസ്ത്രീയ ലേഖനങ്ങളും കുറ്റാന്വേഷണ സംബന്ധമായ ഗ്രന്ഥങ്ങളും രചിച്ചു. പത്മകുമാരിയാണ് ഭാര്യ. മക്കള്‍: യു. രാമനാഥന്‍, ഡോ. യു.വിശ്വനാഥന്‍. മരുമക്കള്‍: രൂപാ, റോഷ്‌നി.













