കോട്ടയം: പ്രധാനമന്ത്രിയുടെ ഏതോ ഫണ്ടില്‍നിന്ന‌് പതിനായിരം രൂപ കൊടുക്കുന്നുവെന്ന‌് വ്യാജ പ്രചാരണം. കേട്ടറിഞ്ഞ‌് നൂറുകണക്കിന‌് ആളുകള്‍ അപേക്ഷയുമായി കലക്ടറേറ്റിലേക്കെത്തി. എത്തിയവരോട‌് കാര്യങ്ങള്‍ വിശദീകരിച്ച‌് ഉദ്യോഗസ്ഥര്‍ വലഞ്ഞു. ഇല്ലാത്ത ധനസഹായത്തിനായി രണ്ടായിരത്തിലേറെ അപേക്ഷകളാണ‌് കലക്ടറേറ്റില്‍ ലഭിച്ചത‌്. ഇത‌് ഇനി എന്തുചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ‌് ഉദ്യോഗസ്ഥര്‍. സംഭവത്തെക്കുറിച്ച‌് റവന്യു വകുപ്പ‌് അന്വേഷണം തുടങ്ങി.
തിങ്കളാഴ‌്ച രാവിലെ മുതലാണ‌് വ്യാജപ്രചാരണത്തില്‍ കുടുങ്ങി ആളുകള്‍ കലക്ടറേറ്റിലേക്ക‌് എത്തിയത‌്. എഴുതിതെയ്യാറാക്കിയ അപേക്ഷയുമായാണ‌് പലരും എത്തിയത‌്. മറ്റുള്ളവര്‍ കലക്ടറേറ്റ‌് പരിസരത്ത‌് അപേക്ഷ എഴുതി നല്‍കുന്നവരുടെ സഹായവും തേടി. എത്തിയവരില്‍ വൈക്കം, കോട്ടയം താലൂക്കുകളില്‍ നിന്നുള്‍പ്പെടെയുള്ളവരുണ്ട‌്. പ്രളയബാധിതര്‍ക്ക‌് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരസഹായമായി 10,000 രൂപവീതം നല്‍കിയ രീതിയില്‍ പ്രധാനമന്ത്രിയുടെ പ്രത്യേക ഫണ്ടില്‍നിന്ന‌് ധനസഹായം നല്‍കുന്നുവെന്നായിരുന്നു പ്രചാരണം.

വിവിധ താലൂക്കുകളില്‍ നിന്നുള്ളവര്‍ ഇത്തരത്തില്‍ എത്തിയത‌് സംശയത്തിനിടയാക്കി. ഏതോ കേന്ദ്രത്തില്‍നിന്ന‌് ബോധപൂര്‍വം പ്രചാരണം നടത്തിയിരിക്കാനാണ‌് സാധ്യതയെന്ന നിഗമനത്തിലാണ‌് ഉദ്യോഗസ്ഥര്‍. സോഷ്യല്‍ മീഡിയ വഴി ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ പരക്കുന്നത‌് പതിവാണെങ്കിലും ഇതിനായി ഈ സംവിധാനം ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ല. എളുപ്പം പിടികൂടും എന്നതിനാല്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇത‌് ഒഴിവാക്കിയതാകാമെന്ന‌് അധികൃതര്‍ കരുതുന്നു. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ അപേക്ഷകര്‍ എത്തിയേക്കുമെന്നാണ‌് കരുതുന്നത‌്.
ഇതുസംബന്ധിച്ച വിവരം എവിടെനിന്നാണ‌് ലഭിച്ചതെന്ന‌് എഡിഎം അലക‌്സ‌് ജോസഫ‌് അടക്കമുള്ളവര്‍ ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ആരില്‍നിന്നും ലഭിച്ചിട്ടില്ല. അപേക്ഷകരില്‍നിന്ന‌് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും അന്വേഷണം നടത്താനും റവന്യു വകുപ്പ‌് നടപടി തുടങ്ങി. ഇങ്ങനെയൊരു സഹായം ഇല്ലെന്ന‌് പറഞ്ഞെങ്കിലും ആളുകള്‍ പെട്ടെന്ന‌് മടങ്ങാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന‌് പലരും പ്രളയാനന്തര സഹായം സംബന്ധിച്ച അപ്പീല്‍ അപേക്ഷ നല്‍കിയശേഷമാണ‌് തിരിച്ചു പോയത‌്.












