പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണം, ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീംകോടതിയെ സമീപിച്ചു: തെളിവുകള്‍ കെട്ടിച്ചമച്ചതെന്ന് വാദം


ന്യൂഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീംകോടതിയെ സമീപിച്ചു. തന്നെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഹര്‍ജിയില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ആവശ്യപ്പെട്ടു. തെളിവുകള്‍ കെട്ടിച്ചമച്ചതെന്നാണ് വാദം. പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ഫ്രാങ്കോ മുളയ്ക്കലിന്‍റെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.


കേസിന് പിന്നില്‍ വ്യക്തിവിദ്വേഷമാണെന്നും തെളിവുകള്‍ നിലനില്‍ക്കുന്നതല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ആരോപണങ്ങളില്‍ വസ്തുത ഇല്ലെന്നും ഫ്രാങ്കോ മുളയ്ക്കല്‍ വാദിക്കുന്നു. വിചാരണ കോടതിയില്‍ ഫ്രാങ്കോ ഹാജരാകാത്തതിനാലാണ് നേരത്തെ വിടുതല്‍ ഹര്‍ജി തള്ളിയത്. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന് അനുവദിച്ച ജാമ്യവും വിചാരണ കോടതി റദ്ദാക്കിയിരുന്നു.


അതേസമയം തങ്ങളുടെ വാദം കേള്‍ക്കാതെ സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീയും സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഫ്രാങ്കോ മുളയ്ക്കലിന്റെ ഹര്‍ജിക്ക് ഒപ്പം ഈ തടസ ഹര്‍ജികളും അടുത്ത ആഴ്ച സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വന്നേക്കും.



Sharing is Caring