ന്യൂഡല്‍ഹി: ആന്ധ്രാ സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടുള്ള ടി.ഡി.പി എം.പിമാരുടെ പ്രതിഷേധത്തില്‍ ലോക്സഭയും രാജ്യസഭയും തടസപ്പെട്ടു. ലോക്സഭാ നടപടികള്‍ ആരംഭിച്ചത് മുതല്‍ ടി.ഡി.പി അംഗങ്ങള്‍ മുദ്രാവാക്യ വിളികളുമായി എഴുന്നേറ്റു. ചോദ്യോത്തരവേള നടത്താന്‍ സ്പീക്കര്‍ സുമിത്ര മഹാജന് ആവശ്യപ്പെട്ടെങ്കിലും ടി.ഡി.പി അംഗങ്ങളുടെ പ്രതിഷേധത്തില്‍ സഭാ നടപടികള്‍ മുങ്ങിപ്പോയി. കേന്ദ്ര ബജറ്റില്‍ ആന്ധ്രയെ ഒഴിവാക്കിയതില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാര്‍ലമെന്റില്‍ പ്രതിഷേധം തുടരുകയാണ്.
ഇതിനിടെ, രേണുക ചൗധരിയെ അപമാനിച്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ഖേദപ്രകടനം നടത്തണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള അംഗങ്ങള്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. സമാജ്വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍ ഇക്കാര്യം സഭയില്‍ ഉന്നയിച്ചു. തുടര്‍ന്നുണ്ടായ ബഹളത്തില്‍ രാജ്യസഭാ നടപടികളും താളംതെറ്റി.

കേന്ദ്രമന്ത്രി കിരണ്‍ റിജുജുവിനെതിരെ രേണുക ചൗധരി അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ തന്നെ മോദി പരിഹസിക്കുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത കിരണ്‍ റിജിജുവിന്റെ നടപടിക്കെതിരെയാണ് രേണുക സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. കേന്ദ്രമന്ത്രി സ്ത്രീകളെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.
മോദിയുടെ പരിഹാസത്തിനെതിരെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അംഗങ്ങള്‍ നടത്തിയ പ്രതിഷേധത്തില്‍ രാജ്യസഭാ നടപടികള്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.













