തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളും അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകവും ഉന്നയിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചതോടെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ മാന്യമായി നടത്താനുള്ള സാഹചര്യമില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ധനവിനിയോഗ ബില്‍ നിയമസഭയില്‍ ചര്‍ച്ച കൂടാതെ പാസാക്കി. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ വധത്തില്‍ സിബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ബാനറും പ്ലക്കാര്‍ഡുമായി സ്പീക്കറുടെ ഡയസിന് മുന്നില്‍ എത്തിയായിരുന്നു ബഹളം. സ്പീക്കറുടെ മുഖം മറച്ചുള്ള പ്രതിഷേധം അനുവദിക്കില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളോട് സീറ്റിലേയ്ക്ക് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് തയ്യാറായില്ല. പ്രതിപക്ഷ അംഗങ്ങളെ ഈ രീതിയിലുള്ള പ്രതിഷേധത്തില്‍ നിന്ന് പിന്‍തിരിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടു ഒരു വേള ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ടും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നതോടെ ചോദ്യോത്തരവേള താത്കാലികമായി നിര്‍ത്തിവച്ച് സ്പീക്കര്‍ ഡയസ് വിട്ടു.













