പ്രണോയിക്ക് കിരീടം

യുഎസ് ഓപ്പണ്‍ ഗ്രാന്‍ഡ് പ്രീ ബാഡ്മിന്റണില്‍ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയിക്ക് കിരീടം. ഫൈനലില്‍ ഇന്ത്യന്‍ താരമായ പി. കശ്യപിനെ തകര്‍ത്താണ് പ്രണോയ് കിരീടം നേടിയത്. മൂന്ന് ഗെയിം നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലായിരുന്നു പ്രണോയി വിജയം കണ്ടത്. സ്‌കോര്‍: 21-15, 20-22, 21-12.

ആദ്യ ഗെയിമില്‍ 6-1ന് മുന്നിലായിരുന്നു കശ്യപ്. എന്നാല്‍ തിരിച്ചടിച്ച പ്രണോയി 12-12ന് ഒപ്പമെത്തി. പിന്നീട് മൂന്ന് പോയിന്റുകൂടി വിട്ടുകൊടുത്തശേഷം 21-15ന് പ്രണോയ് ആദ്യ ഗെയിം സ്വന്തമാക്കി.

രണ്ടാം ഗെയിം കൂടുതല്‍ ആവേശം നിറഞ്ഞതായിരുന്നു. 9-7ന് മുന്നിലെത്തിയ കശ്യപ് പിന്നീട് 14-10ന്റെ ലീഡ് നേടി. പക്ഷേ വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന പ്രണോയ് 18-18ന് ഒപ്പം പിടിച്ചു. എന്നാല്‍ അവസാന വിജയം കശ്യപിനൊപ്പമായിരുന്നു. 22-20ന് കശ്യപ് ഗെയിം സ്വന്തമാക്കിയതോടെ മത്സരം മൂന്നാം ഗെയിമിലേക്ക് നീണ്ടു.

മൂന്നാം ഗെയിമില്‍ കശ്യപ് സ്വയം തെറ്റുകള്‍ വരുത്തിയതോടെ പ്രണോയ് തുടക്കത്തില്‍ തന്നെ 7-3ന്റെ ലീഡ് നേടി. മികച്ച ഷോട്ടുമായി മുന്നേറിയ പ്രണോയ് 15-8ന്റെ മുന്‍തൂക്കത്തിലെത്തി. പിന്നീട് നാല് പോയിന്റുകള്‍ മാത്രം വിട്ടുകൊടുത്ത് 21-12ന് പ്രണോയി മത്സരവും കിരീടവും സ്വന്തമാക്കി.

പ്രണോയിയുടെ കരിയറിലെ മൂന്നാം ഗ്രാന്‍ഡ് പ്രി കിരീടമാണിത്. 2014-ല്‍ ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സും 2016-ല്‍ സ്വിസ് ഒാപ്പണും പ്രണോയ് നേടിയിട്ടുണ്ട്. 2014-ല്‍ വിയറ്റ്‌നാം ഒാപ്പണിന്റെ ഫൈനലില്‍തോറ്റു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *