പ്രജ്ഞാ സിങ് ഠാക്കൂറിനെ താക്കീത് ചെയ്ത് ബിജെപി കേന്ദ്ര നേതൃത്വം:പൊതുയിടങ്ങളില്‍ ഇനി വാ തുറക്കരുത്


ന്യൂഡല്‍ഹി: ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂറിനെ താക്കീത് ചെയ്ത് ബിജെപി കേന്ദ്ര നേതൃത്വം. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളുടെ മരണത്തിനു പിന്നില്‍ പ്രതിപക്ഷം ചെയ്യുന്ന ദുഷ്ടശക്തികളുടെ കര്‍മ്മങ്ങള്‍ ആണെന്ന പ്രജ്ഞ സിങിന്റെ പ്രസ്താവന വിവാദത്തിലേയ്ക്ക് വഴിവെച്ചതോടെയാണ് താക്കീതുമായി കേന്ദ്ര നേതൃത്വം രംഗത്തെത്തിയത്.


പ്രജ്ഞ സിങ്ങിന്റെ ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുന്ന ഘട്ടം കണ്ടാണ് താക്കീത് ചെയ്തിരിക്കുന്നത്. പൊതുയിടങ്ങളില്‍ ഇനി വാ തുറക്കരുതെന്നാണ് പാര്‍ട്ടി നല്‍കിയ നിര്‍ദേശം. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളെ കൊലപ്പെടുത്താന്‍ ദുഷ്ട ശക്തികളെ പ്രതിപക്ഷം ഉപയോഗിക്കുന്നെന്ന പ്രജ്ഞയുടെ പ്രസ്താവന വിവാദമായതോടെ സംസ്ഥാന നേതൃത്വത്തോട് കേന്ദ്രനേതൃത്വം വിശദീകരണം തേടിയിരുന്നു.
ഇത്തരത്തിലുള്ള പ്രസ്താവനകള്‍ പ്രജ്ഞ സിങിന്റെ ഭാഗത്തുനിന്നും ഇനി ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദേശവും പാര്‍ട്ടി നല്‍കുന്നുണ്ട്. ബിജെപി മുതിര്‍ന്ന നേതാക്കളായ അരുണ്‍ ജെയ്റ്റ്‌ലിയുടേയും സുഷ്മാ സ്വരാജിന്റെയും മരണത്തിന് പിന്നില്‍ പ്രതിപക്ഷം ചെയ്യുന്ന ദുഷ്‌കര്‍മ്മങ്ങളുടെ ഫലമാണെന്നാണ് പ്രജ്ഞ സിങ് പറഞ്ഞത്.




Sharing is Caring