പോരാട്ടം ശക്തമാക്കുന്ന സമയത്ത് അശ്വതിയുടെ വേര്‍പാട് തീരാദു:ഖമാണ്, കെ.കെ ശൈലജ

വയനാട്ടില്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞ ആരോഗ്യപ്രവര്‍ത്തക യു കെ അശ്വതിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ആരോഗ്യ മന്ത്രി കെ കെ ശൈലജ. കൊവിഡിനെതിരായ പോരാട്ടം ശക്തമാക്കുന്ന സമയത്ത് അശ്വതിയുടെ വേര്‍പാട് ഒരു തീരാദു:ഖമാണെന്നും ശൈലജ ടീച്ചർ പറഞ്ഞു. മാനന്തവാടിയില്‍ ജില്ലാ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനായ മേപ്പാടി സ്വദേശി അശ്വതി(24) കൊവിഡ് മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയില്‍ എത്തിയതിനെ തുടര്‍ന്നാണ് മരിച്ചത്.

അശ്വതിയുടെ ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകവെയായിരുന്നു മരണം. സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ ടെക്‌നീഷ്യനായി താല്‍ക്കാലികമായി ജോലി ചെയ്തു വരികയായിരുന്നു അവര്‍.കൊവിഡിന്റെ രണ്ട് ഡോസ് വാക്‌സിന്‍ കുത്തിവെപ്പും അശ്വതി എടുത്തിരുന്നു. ഒന്നര മാസം മുമ്പാണ് അവര്‍ വാക്‌സിനെതടുത്തത്.

ഇതിനിടെ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും കടുത്ത പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായത്. വാരാന്ത്യത്തിലുള്ള നിയന്ത്രണങ്ങള്‍ തുടരാനും സര്‍വ്വകക്ഷി യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.
കടകള്‍ രാത്രി ഏഴര വരെ മാത്രം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാനാണ് തീരുമാനം. ഇത് ഒന്‍പത് മണിവരെ നീട്ടാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടെങ്കിലും കൊവിഡ് അടിയന്തര സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ നിര്‍ദ്ദേശം പിന്നീട് എല്ലാവരും അംഗീകരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമായ മെയ് രണ്ടിന് വാരാന്ത്യ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കില്ല. വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദ പ്രകടനം വേണ്ട എന്നാണ് രാഷ്ട്രീയ കക്ഷികള്‍ ഒരുമിച്ചെടുത്ത സുപ്രധാന തീരുമാനം. ആഹ്ലാദ പ്രകടനം ഏതെങ്കിലും നിയമമോ ഉത്തരവോ മൂലം നിരോധിച്ചിട്ടില്ല. രാഷ്ട്രീയ നേതൃത്വം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയാണ് വേണ്ടതെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.

80 വയസിന് മുകളിലുളളവര്‍ക്ക് വാക്‌സിന്‍ വിതരണത്തിനായി പ്രത്യേക കൗണ്ടറുകള്‍ വേണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. ആദിവാസി മേഖലകളില്‍ കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനമായി. ജില്ലകളിലെ നിയന്ത്രണങ്ങള്‍ക്ക് പൊതുസ്വഭാവമായിരിക്കില്ല. കൊവിഡ് വ്യാപനത്തിന്റെ തോത് അനുസരിച്ച് ജില്ലാ ഭരണകൂടങ്ങള്‍ക്ക് അനുയോജ്യമായ തീരുമാനമെടുക്കാം. വാക്‌സിന്റെ കാര്യത്തില്‍ കേരളം കേന്ദ്രത്തെ പഴിചാരരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സര്‍വ്വ കക്ഷി യോഗത്തില്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *