പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസ്; സുദേഷ് കുമാറിന്റെ മകള്‍ സ്ഥലത്തുണ്ടായിരുന്നതായി ക്രൈംബ്രാഞ്ച്


കൊച്ചി: പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച കേസില്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ സംഭവസ്ഥലത്ത് തന്നെ ഉണ്ടായിരുന്നെന്ന് വ്യക്തമായതായി ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച്
ടെലിഫോണ്‍ രേഖകളില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമാകുന്നതെന്നും കേസില്‍ ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും ക്രൈബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്. എഡിജിപിയുടെ മകള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞിരിക്കുന്നത്.


അതിനിടെ, ഗവാസ്‌കറെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞു കൊണ്ടുള്ള ഉത്തരവ് കോടതി ഒരു മാസത്തേക്ക് കൂടി നീട്ടിവെച്ചു. എഡിജിപിയുടെ മകള്‍ തനിക്കെതിരെ നല്‍കിയ പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവാസ്‌കര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് കോടതി ജൂലായ് 17ലേക്കാണ് മാറ്റിയിരിക്കുന്നത്.


എഡിജിപിയുടെ മകളുടെ മര്‍ദ്ദനത്തില്‍ പരുക്കേറ്റ ഗവാസ്‌കര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. മര്‍ദ്ദനത്തില്‍ അദ്ദേഹത്തിന്റെ കഴുത്തിനായിരുന്നു പരുക്കേറ്റിരുന്നത്. സംഭവത്തില്‍ ഗവാസ്‌കറുടെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്.



Sharing is Caring