പൊതുജനത്തിന് ഓൺലൈനായി വോട്ട് ഒഴിവാക്കാനാവില്ല; രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാന രഹിതം: തെര. കമ്മീഷൻ


ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണങ്ങൾ തെറ്റും അടിസ്ഥാന രഹിതവുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുൽ ഗാന്ധി പറഞ്ഞത് പോലെ പൊതുജനങ്ങൾക്ക് ആർക്കും തന്നെ ഓൺലൈനായി വോട്ട് ഒഴിവാക്കാനാവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.


2023-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അലന്ദിൽ ഇത്തരം ചില ശ്രമങ്ങൾ നടന്നിരുന്നു. ചില ക്രമക്കേടുകൾ കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും പക്ഷേ ആ നീക്കം ഫലപ്രദമായില്ലെന്നും കൃത്യമായി അതിനെ തടഞ്ഞിരുന്നെന്നും കമ്മീഷൻ വ്യക്തമാക്കി. അതിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും കമ്മീഷൻ അറിയിച്ചു. 2023-ൽ കോൺഗ്രസാണ് അലന്ദിൽ വിജയിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടിച്ചേർത്തു.


വോട്ടർ പട്ടികയിൽ നിന്ന് ചില വിഭാഗങ്ങളുടെ പേര് വെട്ടുന്നതിനായി ദശലക്ഷകണക്കിന് ആളുകളെ വ്യവസ്ഥാപിതമായി ലക്ഷ്യം വെയ്ക്കുന്നുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വോട്ട് കൊള്ളയ്ക്ക് കൂട്ടുനിൽക്കുകയാണെന്നുമുൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചത്. ചില വിഭാഗങ്ങളെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ തെളിവുകളുണ്ട്. 100 ശതമാനം ഉറപ്പുള്ളത് മാത്രമാണ് പറയുന്നത്. കർണാടകയിൽ നിന്നുള്ള കൂടുതൽ തെളിവുകൾ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് എതിരായി താൻ ഒന്നും പറയുന്നില്ലെന്നും തെളിവുകളാണ് മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Sharing is Caring