മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ വാര്‍ത്താസമ്മേളനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. താന്‍ പറഞ്ഞ ഹൈഡ്രജന്‍ ബോംബ് അല്ല ഇതെന്ന് പറഞ്ഞായിരുന്നു രാഹുലിന്റെ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. വോട്ടര്‍ പട്ടികയില്‍ നിന്ന് ചില വിഭാഗങ്ങളുടെ പേര് വെട്ടുന്നതിനായി ദശലക്ഷകണക്കിന് ആളുകളെ വ്യവസ്ഥാപിതമായി ലക്ഷ്യം വെയ്ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വോട്ട് കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയാണെന്നും രാഹുല്‍ പറഞ്ഞു
ചില വിഭാഗങ്ങളെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കെതിരെ തെളിവുകളുണ്ട്. 100 ശതമാനം ഉറപ്പ് ഉള്ളത് മാത്രമാണ് പറയുന്നത്. കര്‍ണാടകയില്‍ നിന്നുള്ള കൂടുതല്‍ തെളിവുകള്‍ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് എതിരായി താന്‍ ഒന്നും പറയുന്നില്ലെന്നും തെളിവുകളാണ് മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ അലന്ത് നിയമസഭാ മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടാന്‍ നടത്തിയ നീക്കങ്ങളും രാഹുല്‍ ഗാന്ധി ഇതിന്റെ ഭാഗമായി ചൂണ്ടിക്കാണിച്ചു. അലന്തിൽ ആരോ 6018 വോട്ടുകള്‍ വെട്ടാന്‍ ശ്രമിച്ചുവെന്നാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. ‘അലന്തിൽ എത്രവോട്ട് വെട്ടിയെന്നതില്‍ വ്യക്തതയില്ല. പക്ഷെ 6018 വോട്ടുകള്‍ വെട്ടിയത് പിടികൂടി. എല്ലാ കുറ്റകൃത്യങ്ങളും കണ്ടെത്തുന്നത് പോലെ യാദൃശ്ചികമായിട്ടായിരുന്നു ഇതും പിടികൂടിയത്. അമ്മാവന്റെ വോട്ട് വെട്ടിയതായി ബൂത്ത് ലെവല്‍ ഓഫീസര്‍ ശ്രദ്ധിച്ചു. ആരാണ് അമ്മാവന്റെ വോട്ട് വെട്ടിയതെന്ന് അവര്‍ പരിശോധിച്ചു. അയല്‍ക്കാരനാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് അമ്മാവന്റെ പേര് വെട്ടാന്‍ അപേക്ഷ നല്‍കിയതെന്ന് അവര്‍ മനസിലാക്കി. അയല്‍ക്കാരനോട് എന്തിനാണ് അമ്മാവന്റെ പേര് വെട്ടാന്‍ ശ്രമിച്ചതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ക്ക് അതിനെക്കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞത്. പേര് വെട്ടപ്പെട്ട ആളോ പേര് വെട്ടണമെന്ന് അപേക്ഷ നല്കിയ ആളോ അറിയാതെയാണ് പേര് വെട്ടപ്പെട്ടത്. ഈ നിലയില്‍ വോട്ടര്‍ പട്ടികയില്‍ പേര് വെട്ടുന്ന പ്രക്രിയ മറ്റാരോ ഹൈജാക്ക് ചെയ്തു’, രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു.













