പെഹ്ലു ഖാന്‍ കൊലക്കേസ്; പ്രതികളെ വെറുതെ വിട്ടതിനെ ചോദ്യം ചെയ്ത് രാജസ്ഥാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ജയ്പൂര്‍: പെഹ്ലു ഖാന്‍ കൊലക്കേസില്‍ പ്രതികളെ എല്ലാവരെയും വെറുതെ വിട്ട വിധിക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. 2017 ഏപ്രിലിലാണ് പശുക്കടത്ത് ആരോപിച്ച്‌ ആള്‍ക്കൂട്ടം പെഹ്ലു ഖാനെ ആക്രമിച്ച്‌ കൊലപ്പെടുത്തിയത്. സംഭവത്തില്‍ കേസെടുത്ത പോലീസ് ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ആല്‍വാര്‍ കോടതി ഇവരെ വെറുതെ വിടുകയായിരുന്നു.

ആല്‍വാര്‍ കോടതിയുടെ വിധിക്കെതിരാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഗോ സംരക്ഷകരെന്ന പേരിലെത്തിയ ഒരു സംഘം ആളുകള്‍ പശുക്കടത്ത് ആരോപിച്ച്‌ പെഹ്ലു ഖാനെ ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ക്ഷീരകര്‍ഷകനായ പെഹ്ലു ഖാന്‍ മൂന്ന് ദിവസത്തിന് ശേഷം ആശുപത്രിയില്‍ വച്ച്‌ മരിക്കുകയായിരുന്നു.

മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്തുവന്നിട്ടും സംശയത്തിന്റെ ആനുകൂല്യം നല്‍കി പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു. ഇതിന് എതിരെയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് വീണ്ടും അന്വേഷിക്കണമെന്നും അതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നുമാണ് ഹര്‍ജിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *