പെന്‍ഷന്‍ പ്രതിസന്ധി: മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു


തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. വൈകിട്ട് എട്ടു മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് അടിയന്തരയോഗം നടക്കുക. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനും സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന സംഘടനകളുടെ പ്രതിനിധികളേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.


അഞ്ച് മാസത്തെ പെന്‍ഷന്‍ കുടിശികകയും ഈ മാസത്തെ ശമ്ബളവും ഉടനേ നല്‍കാന്‍ ഇന്നലെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനമായിരുന്നു. കെ.എസ്.ആര്‍.ടി.സിയുടെ പെന്‍ഷന്‍ കുടിശിക തീര്‍ക്കാന്‍ സഹകരണബാങ്കില്‍ നിന്ന് സര്‍ക്കാര്‍ വായ്പ എടുക്കും. കുടിശികയായ 224 കോടി രൂപ അദ്യഗഡുവായി ഒരാഴ്ചയ്ക്കുള്ളില്‍ കൈമാറും. ഈ മാസം തന്നെ പെന്‍ഷന്‍കാര്‍ക്ക് മുഴുവന്‍ കുടിശികയും നല്‍കും. പുറമേ ജനുവരിയിലെ ശമ്ബളം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ 70 കോടി രൂപ കൂടി ധനസഹായം നല്‍കും. ശമ്ബളവും മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കണമെങ്കില്‍ 86 കോടി രൂപ വേണ്ടിവരും.സഹകരണബാങ്കുകളില്‍ നിന്ന് വായ്പ എടുക്കാന്‍ സര്‍ക്കാര്‍ ഗാരന്റി നല്‍കുമെന്നാണ് ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്.


ഗാരന്റിയാണെങ്കില്‍ കെ.എസ്.ആര്‍.ടി.സി കടമെടുക്കേണ്ടി വരുമായിരുന്നു. ഇതിനുപകരം സര്‍ക്കാര്‍ തന്നെ നേരിട്ട് വായ്പ എടുക്കാന്‍ തീരുമാനിച്ചു. വായ്പ ആറുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ തിരിച്ചടയ്ക്കും. പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ കെ.എസ്.ആര്‍.ടി.സി സര്‍ക്കാരിനും സഹകരണബാങ്കുകള്‍ക്കും കൈമാറും.
പത്തുശതമാനം പലിശയ്ക്കാണ് കടമെടുക്കുന്നത്. ജൂലായ് വരെയുള്ള ബാദ്ധ്യതയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.



Sharing is Caring