പുതിയ ഉത്തരവിറക്കി കെഎസ്ആര്‍ടിസി;മിന്നലിന് രാത്രിയില്‍ നിര്‍ത്താതെ പറക്കാം

തിരുവനന്തപുരം: സ്‌കാനിയ വോള്‍വോ ഉള്‍പ്പടെയുള്ള കെ.എസ്.ആര്‍.ടിസി സര്‍വീസുകള്‍ രാത്രികാലങ്ങളില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ നിര്‍ത്തിക്കൊടുക്കണമെന്ന് പുതിയ ഉത്തരവ്. മിന്നല്‍ സര്‍വീസിനെ പുതിയ ഉത്തരവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

രാത്രി ഒന്‍പതു മുതല്‍ രാവിലെ ആറു വരെയാണ് പുതിയ ഉത്തരവില്‍ പറയുന്ന സമയം. സംസ്ഥാന ഗതാഗത വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. പുതിയ സര്‍ക്കുലര്‍ പ്രകാരം മിന്നല്‍ സര്‍വീസ് ഒഴികെ മറ്റെല്ലാ ബസുകളും ഇനി യാത്രക്കാരുടെ ആവശ്യപ്രകാരം നിര്‍ത്തിക്കൊടുക്കേണ്ടി വരും. നിലവില്‍ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന സ്‌കാനിയ ബസുകള്‍, സുപ്പര്‍ എക്‌സ്പ്രസ്, സുപ്പര്‍ഫാസ്റ്റ് തുടങ്ങിയ സര്‍വീസുകളും ഈ സര്‍ക്കുലര്‍ പ്രകാരം യാത്രക്കാരുടെ ആവശ്യാനുസരണം സ്റ്റോപ്പുകളില്‍ നിര്‍ത്തേണ്ടി വരും.

നിലവില്‍ ഫെയര്‍ ചാര്‍ജ് അനുസരിച്ചും ഗതാഗത വകുപ്പ് മുന്നോട്ടുവച്ച മാനദണ്ഡങ്ങള്‍ പ്രകാരവുമാണ് ദൂര്‍ഘദൂര ബസുകള്‍ സര്‍വീസ് നടത്തുന്നത്. രാത്രികാലങ്ങളില്‍ സ്ത്രികളും കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ ആവശ്യപ്പെട്ടാല്‍ സ്‌കാനിയ, ലോഫ്‌ളോര്‍ ഉള്‍പ്പടെയുളള സര്‍വീസുകള്‍ ഇനി അനുവദനീയമായ സ്റ്റോപ്പില്‍ നിര്‍ത്തണമെന്നും പുതിയ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. മുന്‍പ് പ്രധാന സ്റ്റേഷനുകളില്‍ മാത്രം സ്റ്റോപ്പ് അനുവദിച്ചിരുന്ന സര്‍വീസുകള്‍ ഇനി സര്‍ക്കുലര്‍ പ്രകാരമാകും സര്‍വീസ് നടത്തുക. എന്നാല്‍ കെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍ സര്‍വീസിനെ ഇത് ബാധിക്കില്ലെന്നും പുതിയ ഉത്തരവില്‍ പറയുന്നു.

സ്റ്റോപ്പുകള്‍ പരിമിതപ്പെടുത്തി രാത്രിമാത്രം ഓടിക്കുന്ന സ്റ്റേജ് ക്യാരേജ് ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ക്ലാസ് സര്‍വീസാണ് മിന്നല്‍. ഇവയുടെ സ്റ്റോപ്പുകള്‍ സംബന്ധിച്ച് ഓണ്‍ലൈനിലും അല്ലാതെയും വിവരം ലഭ്യമാകാന്‍ സാധിക്കും എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.റൂള്‍ 206 പ്രകാരം സൂപ്പര്‍ ഡീലക്സ് ശ്രേണിയില്‍പെട്ട മിന്നലിന് ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രമാണ് സ്റ്റോപ്പ്. സുരക്ഷിതത്വം കണക്കിലെടുത്ത് രാത്രികാലങ്ങളില്‍ സ്ത്രീ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളില്‍ നിര്‍ത്തിക്കൊടുക്കണമെന്ന വ്യവസ്ഥ ദേശസാത്കൃത സര്‍വീസായ മിന്നലിന് ബാധകമല്ല.

മോട്ടോര്‍വാഹന നിയമത്തിലെ അധ്യായം ആറ് പ്രകാരം സൂപ്പര്‍ ഡീലക്സ് ബസുകളുടെ പെര്‍മിറ്റുകളില്‍ സ്റ്റോപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെ.എസ്.ആര്‍.ടി.സിക്ക് അധികാരമുണ്ട്. ഇതുപ്രകാരമാണ് മിന്നല്‍ ബസുകള്‍ക്ക് പ്രേത്യേക ചട്ടം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ബംഗ്ലൂര്‍-തിരുവനന്തപുരം സര്‍വീസ് നത്തുന്ന സ്‌കാനിയ ബസുകള്‍ക്ക് പുതിയ ചട്ടപ്രകാരം അധികസമയമെടുത്ത് സര്‍വീസ് നടത്തേണ്ടി വരുമെന്നാണ് ജീവനക്കാര്‍ വ്യക്തമാക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *