‘പുടിൻ നിരപരാധികളെ കൊല്ലുകയാണ് ‘;പുടിനെതിരെ രൂക്ഷമായി പ്രതികരിച്ച് ട്രംപ്


വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ യുക്രൈനിൽ ഡ്രോൺ ആക്രമണം നടത്തിയതിനെതിരെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ന്യൂജേഴ്സിയിൽ വെച്ച് മാധ്യമങ്ങളെ കാണവേയാണ് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിനെതിരെ രൂക്ഷമായി പ്രതികരിച്ചത്.യുക്രൈനെ മുഴുവന്‍ ആക്രമിച്ച് കീഴടക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അത് റഷ്യയുടെ നാശത്തിന് കാരണമാകുമെന്ന ട്രംപ് മുന്നറിയിപ്പ് നല്‍കി.പുടിൻ നിരപരാധികളെ കൊല്ലുകയാണ്. അയാൾക്ക് എന്താണ് സംഭവിച്ചത് എന്നെനിക്കറിയില്ല. അയാളെ ഏറെക്കാലമായി എനിക്കറിയാം. പക്ഷെ നഗരങ്ങളിലേക്ക് റോക്കറ്റുകള്‍ അയച്ച് നിരപരാധികളെ കൊന്നുകൊണ്ടിരിക്കുകയാണ് ചെയ്യുന്നതെന്നും അത് എനിക്ക് ഒട്ടും ഇഷ്ടപ്പെടുന്നില്ലയെന്നും ട്രംപ് വ്യക്തമാക്കി.


സമാധാന ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് കീവിലേക്കും മറ്റ് നഗരങ്ങളിലേക്കും റോക്കറ്റുകൾ അയയ്ക്കുന്നത്. അയാള്‍ ആളുകളെ കൊന്നൊടുക്കുകയാണെന്നും പുടിന് എന്തോ കാര്യമായി പറ്റിയിട്ടുണ്ടെന്നുമാണ് ട്രംപ് പ്രതികരിച്ചത്.ഞായറാഴ്ച രാത്രി 367 ഡ്രോണുകളാണ് റഷ്യ യുക്രൈനിലേക്ക് പ്രയോഗിച്ചത്. 12 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 266 ഡ്രോണുകളും 45 മിസൈലുകളും വെടിവെച്ചിട്ടുവെന്ന് യുക്രൈന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും റഷ്യന്‍ ആക്രമണത്തില്‍ വലിയ നാശനഷ്ടങ്ങളാണ് കീവിലും മറ്റ് നഗരങ്ങളിലും ഉണ്ടായത്.


റഷ്യയുടെ ആക്രമണം 30 നഗരങ്ങളെയും ചില ഗ്രാമങ്ങളെയും ബാധിച്ചുവെന്ന്‌ യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമർ സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നു. യുദ്ധം തുടങ്ങിയതിനു ശേഷം ആദ്യമായാണ് റഷ്യ ഇത്രയും വലിയ ആകാശാക്രമണം നടത്തുന്നത്.ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധത്തില്‍ പിടികൂടിയ സൈനികരെ പരസ്പരം കൈമാറിയതിന് തൊട്ടുപിന്നാലെയാണ് യുക്രൈന് നേരെ കടുത്ത ആക്രമണം റഷ്യ നടത്തിയത്.



Sharing is Caring