പി ബി കമ്മീഷന്‍ റിപ്പോർട്ട് വി എസിനു അനുകൂലമെന്ന് സൂചന; അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ പിബി പരിഗണിക്കും


കേരളത്തിലെ സംഘടനാ വിഷയങ്ങളുടെ പേരില്‍ വിഎസ് അച്യുതാനന്ദനെതിരെ പാര്‍ട്ടി നടപടി ഉണ്ടാകില്ലെന്ന് സൂചന. വിഎസിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച പി ബി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ വിഎസിനെതിരെ നടപടി ശുപാര്‍ശ ചെയ്തിട്ടില്ലെന്നാണ് വിവരം. പാര്‍ട്ടിയും വിഎസും ഒരുമിച്ചുപോകണമെന്നും വിവാദങ്ങള്‍ ഒഴിവാക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.


തുടര്‍ച്ചയായ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സംസ്ഥാന നേതൃത്വം വിഎസിനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. സംസ്ഥാന നേതൃത്വം തനിക്കെതിരെ സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരെ വിഎസും കേന്ദ്രത്തെ സമീപിച്ചിരുന്നു. ഇവ അന്വേഷിക്കാനാണ് പി ബി കമ്മീഷനെ നിയോഗിച്ചത്.


മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. വിഎസിനു സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് മടങ്ങിവരുന്നതിന് വഴിയൊരുക്കുന്നതായിരിക്കും റിപ്പോർട്ടെന്നാണ് സൂചന. റിപ്പോർട്ടിന്മേലുള്ള ഭാവി കാര്യങ്ങൾ ചൊവ്വാഴ്ചത്തെ യോഗത്തിൽ ചർച്ച ചെയ്യും.



Sharing is Caring