ജിദ്ദ: ഐക്യ സൗദി അറേബ്യ നിലവില്‍ വന്നിട്ട് 89 വര്‍ഷമാവുന്ന വേളയില്‍ അവിസ്മരണീയ ആഘോഷ പരിപാടികളാണ് രാജ്യത്താകമാനം ഒരുക്കിയിരിക്കുന്നത്.ഭരണാധികാരികള്‍ രാജ്യത്തെ ജനതക്ക് ദേശീയദിനാശംസകള്‍ നേര്‍ന്നു. രാജ്യത്ത് താമസിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ ആഘോഷത്തില്‍ പങ്കുചേരുന്നുണ്ട്. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ദേശീയദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച രാജ്യത്തുടനീളം വൈവിധ്യങ്ങളായ നിരവധി പരിപാടികളാണ് സൗദി എന്‍റര്‍ടെയിന്‍മെന്‍റ് അതോറിറ്റി ഒരുക്കിയിരിക്കുന്നത്. തലസ്ഥാന നഗരിയായ റിയാദിലും ജിദ്ദയിലും കിഴക്കന്‍ പ്രവിശ്യയിലും വിപുലമായ പരിപാടികളാണ് ദേശീയദിനത്തോട് അനുബന്ധിച്ചു നടക്കുക. ഏഴുലക്ഷം കരിമരുന്ന് പ്രയോഗമാണ് ഒരുക്കിയിരിക്കുന്നത്!!

പരമ്ബരാഗത കലാരൂപങ്ങള്‍ ഉള്‍പ്പെടെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ വിവിധ സ്ഥലങ്ങളില്‍ അരങ്ങേറും. കൂടാതെ രാജ്യത്തെ വിവിധ പാര്‍ക്കുകളിലും കോര്‍ണിഷുകളിലും ആകാശത്തു വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന കരിമരുന്നു പ്രയോഗവും നടക്കും.
ദേശീയദിനാഘോഷത്തിന്‍റെ ഭാഗമാകാന്‍ സ്വദേശികളും വിദേശികളും ഒരുങ്ങിക്കഴിഞ്ഞു. മുന്‍വര്‍ഷത്തെക്കാള്‍ ദേശീയ ദിനാഘോഷം കാണാനെത്തുന്നവരുടെ എണ്ണം ഇത്തവണ വളരെ കൂടുതലെന്നാണ് റിപ്പോര്‍ട്ട്.വാരാന്ത്യ അവധിയും ദേശീയദിനാഘോഷ അവധിയും ഒത്തുവന്നതോടെ കൂടുതല്‍ അവധി ദിവസങ്ങള്‍ ലഭിച്ചത് സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. ജിദ്ദയില്‍ വ്യാഴാഴ്‌ചയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്.
അതേസമയം ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ദേശീയദിനാഘോഷം നടക്കുന്ന സ്ഥലങ്ങളില്‍ എത്തുന്നവര്‍ പൊതുഗതാഗതം ഉപയോഗിക്കണമെന്ന് സൗദി ട്രാഫിക് വിഭാഗം വ്യക്തമാക്കി.













