എൽ ഡി എഫ് മന്ത്രി സഭയിലെ പുതിയ അംഗമായി ഉടുമ്പൻചോല എം.എൽ.എ എം.എം മണി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവൻ വളപ്പിൽ നടന്ന ചടങ്ങിൽ ഗവർണർ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുതിർന്ന സി പി എം നേതാക്കളും മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. മുൻ മന്ത്രി ഇ.പി ജയരാജൻ ചടങ്ങിൽ നിന്ന് വിട്ടുനിന്നു. വൈദ്യുതി മന്ത്രിയായാണ് മണി സ്ഥാനമേറ്റത്. സത്യപ്രതിജ്ഞക്ക് ശേഷം സെക്രട്ടറിയേറ്റ് സൗത്ത് ബ്ലോക്ക് 619 നമ്പർ റൂമിൽ എത്തി അദ്ദേഹം ചുമതലയേൽക്കും. 1966-ൽ 22 ആം വയസ്സിലാണ് മണി പാർട്ടി അംഗമായത്. 2012ൽ മണക്കാട്ട് വെച്ച് നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിൽ 46 ദിവസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട് . ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഉടുമ്പൻ ചോലയിൽ നിന്ന് 1109 വോട്ടുകൾക്കാണ് മണി ജയിച്ചത്.













