പിണറായി ഡല്‍ഹിയില്‍ ഇറങ്ങി നടക്കുന്നത് ബി.ജെ.പിയുടെ ഔദാര്യത്തിലെന്ന് ശോഭാ സുരേന്ദ്രന്‍


മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇറങ്ങി നടക്കുന്നത് ബി.ജെ.പിയുടെ ഔദാര്യത്തിലാണെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തില്‍ ബി.ജെ.പിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാതാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. 18 സംസ്ഥാനങ്ങളില്‍ ഭരണമുള്ള പാര്‍ട്ടിയാണ് ബി.ജെ.പി. അവിടെയുള്ള സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയുടെ ഔദാര്യത്തിലാണ് കഴിയുന്നതെന്ന് മറക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ സി.പി.എം ബി.ജെ.പി സംഘര്‍ഷത്തെ തുടര്‍ന്ന് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍. ജില്ലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ പിണറായിയും കോടിയേരിയുമാണെന്നും അവര്‍ ആരോപിച്ചു.
ഇരുനേതാക്കളും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. ഇവരുടെ തണലിലാണ് സി.പി.എം അക്രമം അഴിച്ചുവിടുന്നത്. കേരളത്തില്‍ ഇനി ഒരു ഭാര്യയുടെയും താലിമാല പൊട്ടിച്ചെറിയാന്‍ അനുവദിക്കില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.




Sharing is Caring