തിരുവനന്തപുരം: വോട്ടുകച്ചവടത്തെച്ചൊല്ലിയുള്ള നേതാക്കളുടെ വാക്പോര് തുടരുന്നു. പാലാ ഉപതെരഞ്ഞെടുപ്പ് ഫലം വോട്ട് കച്ചവടത്തിന്റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എല്‍ഡിഎഫ്-ബിജെപി വോട്ടുകച്ചവടം തെളിയിക്കാന്‍ മുഖ്യമന്ത്രി വെല്ലുവിളിച്ചിരുന്നു. ഇനിയത് തെളിയിക്കേണ്ട കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.
കോന്നിയിലും വട്ടിയൂര്‍ക്കാവിലും സിപിഎമ്മും ബിജെപിയും വോട്ട് കച്ചവടം നടത്തുന്നുവെന്ന ആരോപണം മുന്‍കൂര്‍ ജാമ്യം എടുക്കലല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും പറഞ്ഞു. ഇക്കാര്യം ജനങ്ങളെ മുന്‍കൂറായി അറിയിക്കുകയാണ്. വോട്ട് കച്ചവടം നടത്തുന്നു എന്നതിന് തെളിവാണ് പാലാ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, വോട്ട് കച്ചവടത്തിന്റെ ജാള്യത മറയ്ക്കാനാണ് കോണ്‍ഗ്രസിന്റെ ആരോപണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തിരിച്ചടിച്ചു. കോന്നിയില്‍ ഉള്‍പ്പെടെ ഒരു സ്ഥലത്തും ആര്‍എസ്എസിന്റെ വോട്ട് വേണ്ട. ശബരിമല കര്‍മസമിതി വഴിയാണ് ആര്‍എസ്എസുമായി കോണ്‍ഗ്രസ് വോട്ട് കച്ചവടം നടത്തുന്നതെന്നും കോടിയേരി ആരോപിച്ചു.
ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ വോട്ടുകച്ചവടം സംബന്ധിച്ച് ധാരണയിലായെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞിരുന്നു. പിന്നാലെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന് തന്നെ രംഗത്തെത്തിയിരുന്നു.













