പാവം പൊലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി കിട്ടുമെങ്കില്‍ വീണ്ടും മല കയറുമെന്ന് ശശികല


പത്തനംതിട്ട: പാവം പൊലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി കിട്ടുമെങ്കില്‍ വീണ്ടും മല കയറാന്‍ ഒരുക്കമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല. ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട് തന്നെ അറസ്‌റ്റു ചെയ്‌ത വനിതാ പൊലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ പരിഹസിച്ചുകൊണ്ടാണ് ശശികല ഇക്കാര്യം വ്യക്തമാക്കിയത്.


‘അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട നിലയിലാണ് പാവം പൊലീസുകാര്‍ അവിടെ ജോലി ചെയ്യുന്നത്. എന്നെ തടയുന്നതിന്റെ പേരില്‍ ഡി.ജി.പി ഇനിയും ഗുഡ് സര്‍വീസ് എന്‍ട്രികള്‍ നല്‍കുമെങ്കില്‍ വീണ്ടും ശബരിമലയിലേക്ക് പോകാന്‍ തയ്യാറാണ്. ജോലിയില്‍ നിന്ന് വിരമിച്ച തന്നെ കൊണ്ട് ഇങ്ങനെയെങ്കിലും ചില ഉപകാരങ്ങള്‍ ഉണ്ടാകുമല്ലോ’ -ശശികല പറഞ്ഞു.
ശബരിമല ദര്‍ശനത്തിന് പോകാനൊരുങ്ങിയ ശശികലയെ മരക്കൂട്ടത്ത് വച്ച്‌ തടയുകയും പിന്നീട് പുലര്‍ച്ചെ അറസ്റ്റ് ചെയ്യുകയായിരുന്നു. വനിതാ പൊലീസിലെ 10 പേര്‍ക്കാണ് ഡി.ജി.പി സദ്‌സേവന രേഖയും ക്യാഷ് അവാര്‍ഡും നല്‍കുന്നത്. സി.ഐ.മാരായ കെ.എ. എലിസബത്ത്, രാധാമണി, എസ്.ഐ.മാരായ വി.അനില്‍കുമാരി, സി.ടി.ഉമാദേവി, വി.പ്രേമലത, സീത, സുശീല, കെ.എസ്. അനില്‍കുമാരി, ത്രേസ്യാ സോസ, സുശീല എന്നിവരാണ് സമ്മാനം നേടിയ ഉദ്യോഗസ്ഥര്‍.


ഉദ്യോഗസ്ഥര്‍ സ്‌തുത്യര്‍ഹമായ സേവനമാണ് ചെയ്‌തതെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവില്‍ പറയുന്നു. സി.ഐ.മാര്‍ക്ക് 1000 രൂപവീതവും എസ്.ഐ.മാര്‍ക്ക് 500 രൂപ വീതവുമാണ് പാരിതോഷികം.



Sharing is Caring