കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തിനുള്ള ടെണ്ടര്‍ രേഖകളില്‍ വന്‍ തിരിമറി നടത്തിയെന്ന് വിജിലന്‍സ് വ്യക്തമാക്കി. ഹെെക്കോടതിയിലാണ് വിജിലന്‍സ് ഇക്കാര്യം അറിയിച്ചത്. ആര്.ഡി.എസ് കമ്ബനിക്ക് ലഭിക്കാന്‍ ടെണ്ടര്‍ രേഖകളിലടക്കം തിരുത്തല്‍ വരുത്തിയെന്നും വിജിലന്‍സ് ആരോപിച്ചു. ചെറിയാന് വര്‍ക്കിയെന്ന കമ്ബനി 42 കോടിക്കും ആര്.ഡി.എസ് 47.68 കോടിക്കുമാണ് പാലം നിര്‍മാണത്തിനുള്ള ടെണ്ടര്‍ ക്വോട്ട് ചെയ്തിരുന്നത്.
42 കോടി രേഖപ്പെടുത്തിയ ചെറിയാന് വര്‍ക്കി കണ്‍സ്ട്രക്ഷന്‍സിനെ മറികടന്നാണ് 47 കോടി രേഖപ്പെടുത്തിയ ആര്.ഡി.എസ് കമ്ബനിക്ക് കരാര്‍ നല്‍കിയതെന്നാണ് കണ്ടെത്തല്‍. എന്നാല്‍ പിന്നീട് ഇതില്‍ അധികമായി തിരുത്തല്‍ വരുത്തി ആര്.ഡി.എസ് കമ്ബനിക്ക് 13.43 ശതമാനം ഇളവ് നല്കി 41 കോടിയാക്കി കാണിച്ചുവെന്നും സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡര്‍ (വിജിലന്‍സ്) എ.രാജേഷ് കോടതിയെ അറിയിച്ചു. ടെണ്ടര്‍ പൊട്ടിച്ചപ്പോള്‍ ഈ റിബേറ്റ് കൂടി കണക്കിലെടുത്താണ് ആര്.ഡി.എസിന് ടെണ്ടര്‍ നല്‍കിയത്.
ഇതിനുപിന്നില്‍ കിറ്റ്കോയിലെയും ആര്.ബി.ഡി.സി.കെയിലേയും ഉദ്യോഗസ്ഥരാണെന്നാണ് കണ്ടെത്തല്‍. ടെണ്ടര്‍ രജിസ്റ്ററില്‍ അടക്കം തിരുത്തല്‍ വരുത്തിയിട്ടുണ്ട്. ഇതില്‍ കയ്യക്ഷരം വ്യത്യസ്തമാണ്. ആര്.ബി.സി.ഡി.കെ കരാറുകാരനും കിറ്റ്കോ ഉദ്യോഗസ്ഥനുമാണ് ഇതിന് പിന്നിലെന്നും വിജിലന്‍സാണ് അറിയിച്ചത്. പ്രകടമായ വ്യത്യാസമാണ് രജിസ്സറില്‍ ഉള്ളതെന്ന് കോടതി നിരീക്ഷിച്ചു.














