പാലക്കാട് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാര്‍


തേഞ്ഞിപ്പലം: ആകാംക്ഷകള്‍ക്കും ആശങ്കകള്‍ക്കും വിട നല്‍കി മൂന്നു വര്‍ഷത്തിനുശേഷം പാലക്കാട് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാര്‍. ആദ്യ മൂന്ന് ദിനവും മുന്നിട്ടുനിന്ന എറണാകുളമാണ് ഇന്നലെ ട്രാക്കിലും ഫീല്‍ഡിലുമായി വീശിയടിച്ച പാലക്കാടന്‍ കാറ്റില്‍ പിന്നിലായത്. 28 സ്വര്‍ണം, 25 വെള്ളി, 21 വെങ്കലമടക്കം 255 പോയിന്റ് നേടി പാലക്കാട്. കല്ലടി, പറളി, മുണ്ടൂര്‍ സ്‌കൂളുകളുടെ കരുത്തിലാണ് തുടരെ നാലാം കിരീടത്തിനെത്തിയെ എറണാകുളത്തെ പിന്നിലാക്കിയത്.


എട്ട് പോയിന്റ് പിന്നിലായി 247 പോയിന്റോടെ എറണാകുളം രണ്ടാമത്. 24 സ്വര്‍ണം, 31 വെള്ളി, 20 വെങ്കലം അവരുടെ അക്കൗണ്ടില്‍. 12 സ്വര്‍ണം, എട്ട് വെള്ളി, ഏഴ് വെങ്കലമടക്കം 101 പോയിന്റുമായി കോഴിക്കോട് മൂന്നാമത്. കഴിഞ്ഞ ദിവസം നടന്ന ജൂനിയര്‍ ആണ്‍കുട്ടികളുടെ റിലേയില്‍ സ്വര്‍ണം നേടിയ എറണാകുളത്തെ അയോഗ്യരാക്കിയതിലൂടെ നഷ്ടമായ 10 പോയിന്റാണ് പാലക്കാടിനെ കിരീടത്തിലേക്ക് നയിച്ചത്.


കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാല് സ്വര്‍ണം കൂടുതല്‍ നേടിയായിരുന്നു പാലക്കാടിന്റെ കുതിപ്പ്. അതേസമയം, എറണാകുളത്തിന് ഒരെണ്ണം കുറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി സ്വര്‍ണനേട്ടത്തില്‍ എറണാകുളം പിന്നിലേക്കാണ്. മൂന്നാമതെത്തിയ കോഴിക്കോടിനും സ്വര്‍ണത്തിലും പോയിന്റിലും തിരിച്ചടി നേരിട്ടു. കഴിഞ്ഞ തവണ 16 സ്വര്‍ണം നേടിയ കോഴിക്കോടിന് ഇത്തവണ നാലെണ്ണം കുറവ്.

മീറ്റിന്റെ അവസാനദിനമായ ഇന്നലെ മൂന്ന് റെക്കോഡുകള്‍ പിറന്നു. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ പറൡ സ്‌കൂളിന്റെ എം. ശ്രീവിശ്വ, ഹൈജമ്പില്‍ കല്ലടി സ്‌കൂളിന്റെ ജിഷ്‌ന. എം, സീനിയര്‍ ആണ്‍കുട്ടികളുടെ ഹാമറില്‍ പറളിയുടെ സുധീഷ്. വി.എസ് എന്നിവരാണ് റെക്കോഡ് സ്ഥാപിച്ചത്.



Sharing is Caring