തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ സിലബസില്‍ പാഠപുസ്തക അച്ചടി വൈകുന്നതില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. പുസ്തക അച്ചടിയും വിതരണവും വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു.
വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതേതുടര്‍ന്ന് 11 മണി വരെ നിര്‍ത്തിവച്ച സഭ പുനരാരംഭിച്ചുവെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ ശ്രദ്ധക്ഷണിക്കലും സബ്മിഷനും റദ്ദാക്കി. സഭാ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നത്തേക്ക് (02-06-2015) പിരിഞ്ഞു.

പ്രതിപക്ഷത്തു നിന്നും മാത്യൂ ടി. തോമസ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പാഠപുസ്തക അച്ചടി വൈകിപ്പിച്ച് സര്‍ക്കാര്‍ ഗൈഡ് ലോബിക്ക് സഹായം നല്‍കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
അച്ചടി വൈകുന്നത് സംബന്ധിച്ച് വിദ്യഭ്യാസമന്ത്രിയും അച്ചടി വകുപ്പിന്റെ ചുമതലയുള്ള മന്ത്രി കെ.പി മോഹനനും നല്‍കുന്ന വിശദീകരണത്തില്‍ പൊരുത്തമില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധവുമായി സ്പീക്കറുടെ ചേംബറിലേക്ക് നീങ്ങി. സഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്ന പ്രതിഷേധിച്ചതോടെയാണ് 11 മണിവരെ നിര്‍ത്തിവച്ചത്.













