പാചകവാതക വിതരണം: നിയമം ലംഘിച്ചാല്‍ ഏജന്‍സികളുടെ ലൈസന്‍സ് റദ്ദ് ചെയ്യും

imagesകോഴിക്കോട്: റംസാന്‍-ഓണം ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ പാചകവിതരണം കാര്യക്ഷമവും പരാതിരഹിതവുമാക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ഗ്യാസ് ഏജന്‍സിഓയില്‍ കമ്പനി പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായി. നിയമം ലംഘിക്കുന്ന ഏജന്‍സികളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള കടുത്തനടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം മടിക്കില്ലെന്ന് യോഗത്തില്‍ അധ്യക്ഷനായ എ.ഡി.എം. കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

ഗ്യാസിന്റെ ലഭ്യതക്കുറവുള്‍പ്പെടെ പ്രയാസങ്ങള്‍ ഏറെയുണ്ടെങ്കിലും കുറ്റമറ്റ രീതിയില്‍ വിതരണം നടത്തണം. ആവശ്യത്തിന് പാചകവാതകം ഏജന്‍സികള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ എണ്ണക്കമ്പനികള്‍ക്ക് സാധിക്കണം.

ബുക്കിങ് ക്രമം തെറ്റിച്ച് സിലിണ്ടര്‍ നല്‍കുക, രണ്ടാം സിലിണ്ടര്‍ നല്‍കുന്നതില്‍ ക്രമക്കേട് കാണിക്കുക, അനുവദിച്ചതിലധികം ഡെലിവറി ചാര്‍ജ് ഈടാക്കുക, ഡെലിവറി ബോയ്മാരുടെയും ഓഫീസ് ജീവനക്കാരുടെയും മോശമായ പെരുമാറ്റം, ഉപഭോക്താക്കള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാതിരിക്കുകയോ കൃത്യമായ മറുപടി നല്‍കാതിരിക്കുകയോ ചെയ്യുക തുടങ്ങിയ പരാതികളാണ് ഏജന്‍സികള്‍ക്കെതിരെ ലഭിച്ചവയില്‍ ഏറെയുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ രവീന്ദ്രന്‍ കുരുനിലത്ത് അറിയിച്ചു.

ഉപഭോക്താക്കളോട് മോശമായി പെരുമാറുന്ന ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഏജന്‍സി ഉടമകള്‍ തയ്യാറാവണം. സിലിണ്ടറുകള്‍ കിട്ടാതെ ലഭിച്ചതായുള്ള മൊബൈല്‍ സന്ദേശം വരികയും അതുവഴി ബുക്കിങ് കാന്‍സലായിപ്പോവുന്നതുമായുള്ള പരാതികള്‍ അന്വേഷിച്ച് നടപടി കൈക്കൊള്ളണം. കൂടുതല്‍ ഉപഭോക്താക്കളുള്ള ഏജന്‍സികള്‍ സൗകര്യമുള്ള മറ്റ് ഏജന്‍സികളിലേക്ക് കണക്ഷന്‍ മാറ്റിനല്‍കുന്നതിലൂടെ വിതരണം സുഗമമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *