ഓപറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാന് വീണ്ടും കനത്ത തിരിച്ചടി നല്‍കി ഇന്ത്യ. പാക് യുദ്ധ വിമാനങ്ങള്‍ ഇന്ത്യ വെടിവച്ചിട്ടു. പാക് വ്യോമസേനയുടെ എഫ്-16, ജെ എഫ്-17 വിമാനങ്ങളാണ് വെടിവച്ചു വീഴ്ത്തിയത്. പാകിസ്ഥാന്റെ എട്ട് മിസൈലുകളും ഇന്ത്യ തകര്‍ത്തു.
ഇന്ത്യയിലെ നിരവധി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം നടത്താനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളും ഇന്ത്യ തകര്‍ത്തു. രാജ്യത്തിന്റെ വടക്കും പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളായ അവന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്‌സര്‍, കപുര്‍ത്തല, ജലന്ധര്‍, ലുധിയാന, ആദംപുര്‍, ഭട്ടിന്‍ഡ, ചണ്ഡിഗഢ്, നാല്‍, ഫാലോദി, ഉത്തര്‍ലായി, ഭുജ് എന്നിവിടങ്ങള്‍ ലാക്കാക്കി ആക്രമണം നടത്താനാണ് പാക് സേന ശ്രമിച്ചത്.

യഥാക്രമം ലഷ്‌കര്‍ ഇ ത്വയ്യിബ, ജയ്ഷ്വ മുഹമ്മദ് ഭീകര ഗ്രൂപ്പുകളുടെ ശക്തി കേന്ദ്രങ്ങളായ പാക് അധീന കശ്മീരിലെ മുരിദ്‌കെ, ബഹാവല്‍പുര്‍ എന്നിവിടങ്ങളിലെ ഒമ്പത് ഇടങ്ങളില്‍ 25 മിനുട്ടിനിടെ 24 മിസൈലുകള്‍ ഇന്ത്യ തകര്‍ത്തതിനു പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങള്‍.
ജമ്മുവില്‍ കനത്ത വെടിവെപ്പും ഷെല്ലാക്രമണവും നടക്കുകയാണ്. ജമ്മുവില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിട്ടുണ്ട്. ജമ്മുവിലും പഞ്ചാബ് അതിര്‍ത്തിയിലും ബ്ലാക്ക് ഔട്ടാണ്. ജമ്മു വിമാനത്താവളത്തിനു പുറമെ, ശ്രീനഗര്‍ വിമാനത്താവളത്തെയും പാകിസ്ഥാന്‍ ലക്ഷ്യമിടുന്നതായി റിപോര്‍ട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രതയിലാണ്.













