പാക്കിസ്ഥാനുമായി ചേർന്ന് പാക് അധീന കശ്മീരിൽ സംയുക്ത സൈനികാഭ്യാസം നടത്താൻ പദ്ധതിയില്ലെന്ന് റഷ്യ വ്യക്തമാക്കി. റഷ്യയും പാക്കിസ്ഥാനും തമ്മിൽ ആദ്യമായിട്ടുള്ള സൈനികാഭ്യാസം പാക് അധീന കശ്മീരിലെ ഗില്‍ഗിത് -ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ ആയിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാൽ ഈ പ്രദേശത്തല്ലെന്നും മറിച്ച് ഖൈബർ പ്രവിശ്യയിലെ ‘ചേരട്ട്’ പ്രദേശത്താണ് സൈനികാഭ്യാസം നടത്താൻ ഉദ്ദേശിക്കുന്നതെന്ന് റഷ്യൻ എംബസി വ്യക്തമാക്കി.
സൈനികാഭ്യാസം രണ്ടാഴ്ച നീണ്ട് നിൽക്കുന്നതാണ്. എന്നാല്‍, സൈനികാഭ്യാസത്തെ സംബന്ധിച്ച് ഇരുരാജ്യങ്ങളും കൂടുതല്‍ വെളിപ്പെടുത്താവന്‍ തയ്യാറായിട്ടില്ല. സപ്തംബര്‍ 24 മുതല്‍ ഓക്ടോബര്‍ 7 വരെ നടക്കുന്ന ‘ഫ്രണ്ട്ഷിപ്പ് 2016’ എന്ന് പേരിട്ടിരിക്കുന്ന സൈനികാഭ്യാസത്തില്‍ ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള 200 വീതം സൈനികര്‍ പങ്കെടുക്കും.

ഭീകകരവാദത്തിനെതിരെ മുന്നേറാനുള്ള പരിശീലനമാണ് പ്രധാനമായും സൈനികാഭ്യാസത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റഷ്യയും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക സഹകരണത്തിന്റെ ആക്കം കൂട്ടാൻ ഈ സംയുക്ത സൈനികാഭ്യാസം സഹായകരമാകുമെന്ന് പാക്കിസ്ഥാന്റെ സൈനിക വക്താവ് ലെഫ്റ്റനറ്റ് ജനറൽ അസിം ബാജ്‌വ അറിയിച്ചു.













