പാകിസ്ഥാനിൽ വീണ്ടും ബലൂച് ലിബറേഷൻ ആർമിയുടെ ആക്രമണം. സായുധരായ ബിഎൽഎ തീവ്രവാദികൾ കലാറ്റിലെ മോംഗോച്ചാർ പ്രദേശത്ത് വലിയ രീതിയിൽ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്.
ക്വറ്റ-കറാച്ചി ഹൈവേ തടസപ്പെടുത്തി, സർക്കാർ ഓഫീസുകൾക്ക് തീയിട്ടു, ബസുകളും കാറുകളും തടഞ്ഞതായും വാർത്താ ഏജൻസിയായ ഡിഡി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.ദേശീയപാതയിൽ ഗതാഗതം തടസപ്പെടുത്തിയ തീവ്രവാദികൾ നാഡ്ര, ജുഡീഷ്യൽ കോംപ്ലക്സ്, നാഷണൽ ബാങ്ക് എന്നിവയുൾപ്പെടെ നിരവധി കെട്ടിടങ്ങൾക്കാണ് തീയിട്ടത്.

ഗദാനിയിൽ നിന്ന് ക്വറ്റയിലേക്ക് തടവുകാരെ കൊണ്ടുപോയിരുന്ന പൊലീസ് വാൻ പതിയിരുന്ന് ആക്രമിച്ച് 10 തടവുകാരെ മോചിപ്പിക്കുകയും അഞ്ച് പൊലീസുകാരെ ബന്ദികളാക്കുകയും ചെയ്തു. വാനും രണ്ട് ഉദ്യോഗസ്ഥരെയും പിന്നീട് വിട്ടയച്ചു. ആക്രമണങ്ങളിൽ ഞെട്ടിയിരിക്കുകയാണ് പാകിസ്ഥാൻ.
അതേസമയം സുരക്ഷാ സേന പ്രത്യാക്രമണം നടത്തുകയും ദേശീയപാത വീണ്ടും തുറക്കുകയും ചെയ്തുവെന്ന് അധികൃതർ അറിയിച്ചു. ഇതിനിടെ നേരത്തെ കലാത് ജില്ലയിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ബിഎൽഎ ഏറ്റെടുത്തു.
വിദേശ ധനസഹായം സ്വീകരിക്കുന്ന ഊർജ്ജ പദ്ധതികളെയും ഇവർ ലക്ഷ്യമിട്ടിരുന്നു. മാർച്ചിൽ, ട്രെയിൻ റാഞ്ചി നൂറുകണക്കിന് യാത്രക്കാരെ ബന്ദികളാക്കുകയും നിരവധി സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.













