പാകിസ്താനെ നടുക്കി വീണ്ടും ഭീകരാക്രമണം:മൂന്ന് ഭീകരരെ വധിച്ചു


പാകിസ്താനെ നടുക്കി വീണ്ടും ഭീകരാക്രമണം. കറാച്ചിയിലെ പൊലീസ് ആസ്ഥാനത്താണ് വെള്ളിയാഴ്ച രാത്രി 7.10 ഓടെ ഭീകരര്‍ ആക്രമണം നടത്തിയത്.


ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കെട്ടിടത്തിനകത്തുള്ളപ്പോഴായിരുന്നു ആക്രമണം.പ്രദേശത്ത് അര്‍ധസൈനിക വിഭാഗവും ഭീകരരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടന്നു. ഭീകരസംഘത്തില്‍ എത്ര പേരുണ്ടെന്ന കാര്യം വ്യക്തമല്ല. ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരും ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു സിവിലിയനും മരിച്ചതായി ദക്ഷിണ വിഭാഗം ഡി.ഐ.ജി ഇര്‍ഫാന്‍ ബലോച്ച്‌ പറഞ്ഞു. നാലു പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.


നിരവധി സ്ഫോടന ശബ്ദം കേട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച്‌ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് നിരവധി പൊലീസ് ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ മാസം പെഷാവര്‍ നഗരത്തിലെ പള്ളിയില്‍ ചാവേര്‍ ആക്രമണത്തില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ 100ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. നവംബറില്‍ പാക് താലിബാന്‍ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിച്ചശേഷം നിരവധി ആക്രമണമാണ് രാജ്യത്തുണ്ടായത്.



Sharing is Caring