പരസ്യ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവത്തിൽ ഇടിച്ച വാഹനം ഏതെന്ന് സ്ഥിരീകരിക്കാതെ പൊലീസ്. ഗതാഗത വകുപ്പും പൊലീസും നൽകുന്ന വിശദീകരണത്തിലും വൈരുധ്യങ്ങളാണ്.വടകര കടമേരി സ്വദേശി ഇരുപതുകാരനായ ആല്‍വിന്‍ ആണ് കോഴിക്കോട് ബീച്ച് റോഡില്‍ പരസ്യ ചിത്രീകരണത്തിനിടെ ഇന്നലെ മരിച്ചത്.ഇടിച്ചത് ഡിഫന്‍ഡർ കാറാണെന്ന് എഫ്ഐആറില്‍ പറയുന്നത്. എന്നാൽ ബെന്‍സാണ് ഇടിച്ചതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ വാദം.
രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്‍മാരെയും ചോദ്യം ചെയ്തെങ്കിലും ഇടിച്ച വാഹനം ഏതെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ഏത് വാഹനമാണ് ഇടിച്ചതെന്നതിൽ കൃത്യമായി ഒരു ഉത്തരം നൽകാൻ ഇരുകൂട്ടർക്കും ആയിട്ടില്ല.അതേസമയം സംഭവത്തിൽ കൂടുതൽ നടപടിക്കൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. വീഡിയോ ചിത്രീകരണത്തിന് ഉപയോഗിച്ച വാഹനങ്ങളുടെ രേഖകൾ ഹാജരാക്കാൻ ഉടമസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. വീഡിയോ ചിത്രീകരിക്കാൻ ഉപയോഗിച്ച ബെൻസ് കാറും ഡിഫെൻഡർ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രണ്ട് ഡ്രൈവർമാരുടെയും ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നടപടി തുടങ്ങിയിട്ടുണ്ട്.രണ്ട് വർഷം മുമ്പാണ് ആല്‍വിന്റെ കിഡ്നി ഓപ്പറേഷന്‍ കഴിഞ്ഞത്. ആറ് മാസങ്ങൾ കൂടുമ്പോൾ മെഡിക്കൽ ചെക്കപ്പ് ചെയ്യണം. അതിനായി വിദേശത്ത് നിന്ന് നാട്ടിലെത്തും. ഭാരമുള്ള ജോലികളൊന്നും ചെയ്യാൻ സാധിക്കില്ല. വീഡിയോ ഗ്രാഫറായ ആൽവിൻ നാട്ടിലെത്തിയപ്പോൾ ഒരു കമ്പനിയുടെ പ്രമോഷൻ വീഡിയോ (പരസ്യ ചിത്രീകരണം) ചിത്രീകരിക്കുന്നതിനിടയിൽ അപകടം സംഭവിച്ച് മരണപ്പെടുന്നു.ആ വാർത്തയക്ക് മാധ്യമങ്ങൽ നൽകിയ തലക്കെട്ടുകളാകട്ടെ ‘റീൽ ചിത്രീകരണത്തിനിടെ അപകടം. യുവാവ് മരണപ്പെട്ടു’. മലയാളികളുടെ പരിഹാസത്തിന് ചൂണ്ടയിൽ കോർത്ത ഇരയാണ് ആ തലക്കെട്ടെന്ന് ഈ മാധ്യമങ്ങളുടെ തന്നെ ലിങ്ക് തുറന്നാൽ മനസ്സിലാവും. പരസ്യം ഷൂട്ട് ചെയ്യലാണ് ആൽവിന്റെ ജോലി.
പരസ്യ ചിത്രീകരണത്തിനിടെ അപകടമെന്ന് നൽകാവുന്ന ഒരു തലകെട്ട് കേവലം റീലാക്കുന്ന ബുദ്ധി മാധ്യമങ്ങളുടെ ഡെസ്കിൽ നിന്നും വരുന്നത് അത്തരം വാർത്തകൾ കൊത്തിതിന്നാൻ വരുന്ന മലയാളി തന്തമാരെ മുന്നിൽ കണ്ടാണ്.നിമിഷ നേരങ്ങൾ കൊണ്ട് കമന്റ് ബോക്സിൽ പരിഹാസങ്ങൾ കുന്നുകൂടുന്നു. ആക്ഷേപങ്ങൾ നിറയുന്നു. അട്ടഹസിക്കുന്നു. ആൽവിന്റെ പ്രായം വെറും ഇരുപത്തിയൊന്ന് വയസ്സാണ്. ചെറിയ പ്രായത്തിൽ തന്നെ തൊഴിൽ ചെയ്തു ജീവിക്കുന്ന ഒരു ചെറുപ്പക്കാരൻ. തൊഴിലിടത്ത് വെച്ച് നടന്ന അപകടത്തിൽ മരണപ്പെടുന്നു. ആ മരണത്തെയാണ് ആൾക്കൂട്ടം പരിഹസിക്കുന്നത്. ലിഞ്ചിങ് ചെയ്യുന്നത്. വീഡിയോ പ്രമോഷനും കണ്ടന്റ് ക്രിയേഷനും തൊഴിലാണെന്നും ആ തൊഴിലിലൂടെ പുതിയ തലമുറ വരുമാനം കണ്ടെത്തുന്നുണ്ടെന്നും പറഞ്ഞു മനസ്സിലാക്കുക അത്ര എളുപ്പുമുള്ള കാര്യമല്ല.













