പരവൂരില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച നിലയില്‍; മരിച്ചവരില്‍ മൂന്നര വയസ്സുള്ള കുട്ടിയും


കൊച്ചി: ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പറവൂര്‍ മില്‍സ് റോഡില്‍ വട്ടപ്പറമ്ബത്ത് വീട്ടില്‍ സുനില്‍ (38), ഭാര്യ കൃഷ്‌ണേന്ദു (30) മകന്‍ ആരവ് കൃഷ്ണ (മൂന്നര) എന്നിവരാണ് മരിച്ചത്.
കുട്ടിയെ കൊലപ്പെടുത്തിയശേഷം ഭാര്യയും ഭര്‍ത്താവും തൂങ്ങി മരിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിലെ രണ്ടു മുറികളിലെ ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലാണ് സുനിലിനെയും കൃഷ്‌ണേന്ദുവിനെയും കണ്ടത്. ആരവ് കൃഷ്ണ കട്ടിലില്‍ മരിച്ചുകിടക്കുകയായിരുന്നു.


വെള്ളിയാഴ്ച വൈകിട്ടു നാലരയോടെ പറവൂരിലെ വീട്ടിലെത്തിയ സുനിലിന്റെ ബന്ധുവാണ് സംഭവം ആദ്യം കണ്ടത്. തുടര്‍ന്ന് ബന്ധുക്കളെ വിവരമറിയിച്ചു. സംഭവമറിഞ്ഞ് പൊലീസും നാട്ടുകാരും സ്ഥലത്തെത്തി.


സാമ്ബത്തികമായും കുടുംബപരമായും ഇവര്‍ക്കു മറ്റു പ്രശ്‌നങ്ങള്‍ ഇല്ലെന്നാണു ബന്ധുക്കളും നാട്ടുകാരും പറയുന്നത്. കുട്ടിയുടെ കഴുത്തില്‍ കരിവാളിച്ച പാട് ഉണ്ട്.

വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി. ഇന്‍ക്വിസ്റ്റ് നടത്തിയ ശേഷം മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി. ശനിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തും.

അബുദാബിയില്‍ ലിഫ്റ്റ് ടെക്‌നീഷ്യന്‍ ആയിരുന്നു സുനില്‍. കൃഷ്‌ണേന്ദു വീട്ടമ്മയാണ്.



Sharing is Caring