പമ്പയിലേക്ക് 22 കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും


പമ്പ: പമ്പയിലേക്ക് 22 കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. 11.30 മുതലാണ് ബസുകള്‍ പമ്പയിലേക്ക് സര്‍വീസ് നടത്തുക. നിലവില്‍ നിലയ്ക്കലിലുള്ള തീര്‍ഥാടകര്‍ക്ക് നടന്ന് പമ്പയിലേക്ക് പോകാം.


ചിത്തിര ആട്ടത്തിരുന്നാളിനോട് അനുബന്ധിച്ച് ശബരിമലയിലേക്ക് എത്തിയ തീര്‍ഥാടകരെ കടത്തിവിടാത്തതില്‍ പ്രതിഷേധം ശക്തമായതോടെ രണ്ടു വാഹനങ്ങള്‍ വീതം കടത്തിവിടാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. നിശ്ചിത ഇടവേളകളില്‍ സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണു കടത്തിവിടുകയെന്നു പൊലീസ് അറിയിച്ചു. നിലയ്ക്കല്‍ വരെയാകും വാഹങ്ങള്‍ വിടുന്നത്. എരുമേലി, പത്തനംതിട്ട, വടശ്ശേരിക്കര, നിലയ്ക്കല്‍ എന്നിവിടങ്ങളിലാണ് തീര്‍ഥാടകരെ തടഞ്ഞത്. എരുമേലിയില്‍ ഇന്നലെ മുതല്‍ എത്തിയവരാണു കുടുങ്ങിയിരിക്കുന്നത്. ആറുമണിക്ക് വാഹനങ്ങള്‍ കടത്തിവിടുമെന്ന് അറിയിച്ചിരുന്നെങ്കിലും പൊലീസ് പിന്നീട് നിലപാടുമാറ്റി. നിലവില്‍ ഉച്ചയോടെ മാത്രമേ എരുമേലിയില്‍നിന്ന് ഭക്തരെ കടത്തിവിടുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.


അതേസമയം, നിലയ്ക്കലില്‍നിന്നുള്ള തീര്‍ഥാടകരെ പമ്പയിലേക്ക് കടത്തിവിട്ടു തുടങ്ങി. നടന്നുപോകുന്ന തീര്‍ഥാടകരെയാണ് കടത്തിവിട്ടത്. രാവിലെ 11.30 ഓടെ മാത്രമേ കെഎസ്ആര്‍ടിസി ബസുകള്‍ പമ്പയിലേക്ക് കടത്തിവിടുകയുള്ളൂ. അതിനിടെ, വനിതാ പൊലീസിനെ വലിയ നടപ്പന്തലില്‍ നിയോഗിച്ചു. 50 വയസ്സുപിന്നിട്ട് 15 വനിത പൊലീസുകാരാണ് ഇവിടെയെത്തിയിരിക്കുന്നത്. കൂടുതല്‍ യുവതികളെത്തിയാല്‍ നിയന്ത്രിക്കുന്നതിനാണു ക്രമീകരണം. സന്നിധാനത്ത് ഗസ്റ്റ് ഹൗസുകളില്‍ താമസം അനുവദിക്കില്ല. മുറികള്‍ പൂട്ടി താക്കോല്‍ കൈമാറാന്‍ പൊലീസ് നിര്‍ദേശം നല്‍കി. ദേവസ്വം, വനം, വൈദ്യുതി, ജല വകുപ്പുകള്‍ക്കാണ് ഇവിടെ ഗസ്റ്റ് ഹൗസുകളുള്ളത്.



Sharing is Caring