പത്മാവതി വിവാദം: അലാവുദ്ദീന്‍ ഖില്‍ജി റാണി പത്മിനിയെ കണ്ടുവെന്ന ഫലകം തുണിയിട്ട് മൂടി പുരാവസ്തു വകുപ്പ്

രജ്പുത്ര കര്‍ണിസേനയുടെ ഭീഷണി ഭയന്ന് ചരിത്രത്തെ വരെ മൂടി വെച്ച് പുരാവസ്‌തു വകുപ്പ്. ചിറ്റോര്‍ഗ് കോട്ടയിലെ പത്മിനി മഹലിനു മുന്നിലെ ഫലകമാണ് പുരാവസ്‌തു വകുപ്പ് തുണിയിട്ടു മൂടിയത്.

അലാവുദ്ദീന്‍ ഖില്‍ജി റാണി പത്മിനിയെ കണ്ടത് പത്മിനി മഹലില്‍ വച്ചായിരുന്നുവെന്നും ആ സൗന്ദര്യം സ്വന്തമാക്കുന്നതിനാണ് ഖില്‍ജി ചിറ്റോര്‍ഗ് ആക്രമിച്ചതെന്നും വിവരിക്കുന്ന ഫലകമാണ് ആക്രമണം ഭയന്ന് തുണിയിട്ട് മൂടിയത്.

പത്മിനി മഹലിനു മുന്നില്‍ നിന്ന് ഫലകം എടുത്തുമാറ്റണമെന്ന് രജ്പുത്ര കര്‍ണി സേന ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അക്രമ സംഭവങ്ങളെ ഭയന്ന് പുരാവസ്‌തു വകുപ്പ് ഫലകം മൂടിവെച്ചിരിക്കുകയാണ്. ജോധ്പൂരിലെ ഉന്നത അധികാരികളുടെ അഭിപ്രായം നേടിയ ശേഷമാണ് ഫലകം മൂടിയത്. ഈ ഫലകത്തില്‍ മാത്രമാണ് ഖില്‍ജി റാണിയെ കണ്ടുവെന്ന് അവകാശപ്പെടുന്നതെന്നും പുരാവസ്‌‌തു വകുപ്പ് അറിയിച്ചു.

സഞജയ് ലീല ബന്‍സാലി ചിത്രം പത്മാവതിയില്‍ അലാവുദ്ദീന്‍ ഖില്‍ജിയും പത്മിനിയും തമ്മില്‍ പ്രണയത്തിലാവുന്ന രംഗമുണ്ടെന്നാരോപിച്ചാണ് ചിത്രത്തിനെതിരെ ആക്രമണം അഴിച്ചു വിടുന്നത്. ചിത്രത്തില്‍ അത്തരത്തില്‍ ഒരു രംഗമില്ലെന്ന് സംവിധായകന്‍ ആവര്‍ത്തിച്ചിട്ടും ആക്രമണത്തിനും പ്രതിഷേധത്തിനും കുറവില്ല. അലാവുദ്ദീന്‍ ഖില്‍ജി റാണി പത്മിനിയെ കണ്ടിട്ടില്ലെന്നാണ് രജപുത്രസമൂഹം വിശ്വസിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *