തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനും സഹകരണ പ്രതിസന്ധിക്കുമെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ മനുഷ്യച്ചങ്ങല തീര്‍ത്തു. മന്ത്രിമാരും എംഎല്‍എമാരും പാര്‍ട്ടികളുടെ നേതാക്കന്‍മാരും മനുഷ്യച്ചങ്ങലയില്‍ കണ്ണികളായി. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനു മുന്നില്‍ മനുഷ്യച്ചങ്ങലയില്‍ ആദ്യ കണ്ണിയായി.

മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയവരും രാജ്ഭവനു മുന്നില്‍ അണിനിരന്നു. ഘടകക്ഷികള്‍ക്ക് പുറമെ ജെഎസ്എസ്, ഐഎന്‍എല്‍, സിഎംപി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (ബി) എന്നിവരും ചങ്ങലയില്‍ അണിചേര്‍ന്നു.
കൊല്ലത്ത് പി.കെ.ഗുരുദാസനും ആലപ്പുഴയില്‍ വൈക്കം വിശ്വനും എറണാകുളത്ത് എം.എ.ബേബിയും തൃശൂരില്‍ ബേബി ജോണും പാലക്കാട് എ.കെ.ബാലനും മലപ്പുറത്ത് എ.വിജയരാഘവനും കോഴിക്കോട് തോമസ് ഐസക്കും കണ്ണൂരില്‍ ഇ.പി.ജയരാജനും കാസര്‍കോട്ട് പി.കരുണാകരനും മനുഷ്യച്ചങ്ങലയ്ക്കു നേതൃത്വം നല്‍കി.













