നെല്ലിത്തറ വധശ്രമക്കേസിൽ പ്രതികള്‍ റിമാന്‍ഡില്‍


പാണത്തൂര്‍ സംസ്ഥാനപാതയില്‍ നെല്ലിത്തറയില്‍ യുവാവിനെ വടിവാള്‍കൊണ്ട് കാലിനു വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ നാല് പ്രതികളും റിമാന്‍ഡില്‍.


ബുധനാഴ്ച രാത്രി പൊലീസില്‍ കീഴടങ്ങിയ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു


വ്യാഴാഴ്ച വൈകീട്ടാണ് ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയത്. പ്രതികളായ മനു രാജ്, അജിത്ത്, നിധീഷ്, അനുരാജ് എന്നിവരാണ് 14 ദിവസത്തേക്ക് റിമാന്‍ഡിലായത്. കോപ്പാറ ഭാഗങ്ങളിലുള്ളവരാണ് പ്രതികള്‍. കേസില്‍ രണ്ടു പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവരും റിമാന്‍ഡിലാണ്. കോട്ടപ്പാറ കൊടവലത്തെ

ചന്ദ്രനെയാണ് വധിക്കാന്‍ ശ്രമിച്ചത്. ഒരു മാസം മുമ്ബാണ് കേസിനാസ്പദമായ സംഭവം. ഭാര്യക്കൊപ്പം കാഞ്ഞങ്ങാടുനിന്നും വീട്ടിലേക്ക് മോട്ടോര്‍ ബൈക്കില്‍ പോകവെ ബൈക്കുകളില്‍ എത്തിയ ആറംഗസംഘം ചന്ദ്രനെ ബൈക്കില്‍ നിന്നും തള്ളി താഴെയിട്ടു വാള്‍കൊണ്ട് കാലിനു വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ ഭാര്യക്കും മര്‍ദനമേറ്റു.

ഗള്‍ഫിലുണ്ടായ ചില പ്രശ്നങ്ങളുടെ പേരിലായിരുന്നു ചന്ദ്രന് നേരെ ആക്രമണം നടത്തിയത്. ചന്ദ്രന്‍റെ മകനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിന് ഇതേ പ്രതികളില്‍പ്പെട്ടവര്‍ക്കെതിരെ അമ്ബലത്തറ പൊലീസില്‍ മറ്റൊരു കേസും നിലനില്‍ക്കുന്നുണ്ട്. പ്രതികള്‍ കീഴടങ്ങിയതിന് പിന്നാലെ കൃത്യം നടത്തുന്ന സമയം പ്രതികള്‍ സഞ്ചരിച്ച മൂന്ന് മോട്ടോര്‍ ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി അന്വേഷണ സംഘം കൂടുതല്‍ ചോദ്യംചെയ്യുമെന്നാണ് കരുതുന്നത്.



Sharing is Caring