നെടുമങ്ങാട്‌ പൊലീസ്‌ സ്‌റ്റേഷന്‍ ബോംബേറ്‌: ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരുടെ ഹര്‍ജി തള്ളി


കൊച്ചി : നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസിലെ കൂട്ടുപ്രതിയുടെ കുടുംബത്തെ പൊലീസ് പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച്‌ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. അതീവ ഗൗരവമേറിയ ഈ കേസില്‍ അന്വേഷണം പൊലീസ് ത്വരിതപ്പെടുത്തണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.


കേരളത്തില്‍ സമീപകാലത്തൊന്നും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടന്നിട്ടില്ലെന്നും പീഡന ആരോപണം അന്വേഷണത്തെ തടസപ്പെടുത്താനാണെന്നും പൊലീസിന് വേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ വി പി താജുദ്ദീന്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് ഹര്‍ജി ഡിവിഷന്‍ ബെഞ്ച് തള്ളിയത്. ശബരിമലയില്‍ സ്‌ത്രീകള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന്‌ സുപ്രീം കോടതി വിധക്കെതിരെ ശബരിമല കര്‍മ്മസമിതിയും സംഘപരിവാര്‍ സംഘടനകളും ആഹ്വാനം ചെയ്‌ത ഹര്‍ത്താലിലാണ് പൊലീസ് സ്റ്റേഷന്‌ നേരെ ബോംബാക്രമണം ഉണ്ടായത്.
കേസിലെ മുഖ്യപ്രതി സംഘപരിവാര്‍ നേതാവായ പ്രവീണ്‍ എന്നയാളെ ഒളിവില്‍ പാര്‍പ്പിച്ച ആലപ്പുഴ നൂറനാട് സ്വദേശി സേതുമാധവന്റെ വീട്ടിലാണ് പൊലീസ് അന്വേഷണത്തിന് എത്തിയത്. ഇത് പീഡനം ആണെന്നാരോപിച്ചാണ് സേതുമാധവന്റെ പിതാവ് ഗോപിനാഥന്‍നായര്‍ ഹര്‍ജി നല്‍കിയത്. പ്രതികള്‍ അന്വേഷണത്തോട് സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.




Sharing is Caring