മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയായ നീറ്റിന്റെ ഫലം സിബിഎസ്ഇയ്ക്ക് പ്രസിദ്ധീകരിക്കാമെന്ന് സുപ്രീം കോടതി. ഫലം പ്രഖ്യാപിക്കുന്നത് തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഫലം പ്രഖ്യാപിക്കുന്നത് സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സിബിഎസ്ഇ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌സുപ്രീം കോടതി ഉത്തരവ്. സിബിഎസ്ഇക്ക് കൗണ്‍സിലിങ് ആരംഭിക്കാമെന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു. ജൂണ്‍ 26ന് മുമ്പായി നീറ്റ് ഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ കോടതിയെ അറിയിച്ചു.
നീറ്റ് ഫലപ്രഖ്യാപനം താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് മദ്രാസ് ഹൈക്കോടതി മേയ് 24 ന് ഇടക്കാല ഉത്തരവിറക്കിയിരുന്നു. ഇതോടെ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കീഴ്ക്കോടതികള്‍ പരിഗണിക്കുന്നതും സുപ്രീംകോടതി തടഞ്ഞു. നീറ്റ് പരീക്ഷയ്ക്ക് ഏകീകൃത ചോദ്യപേപ്പറായിരുന്നില്ല എന്ന ആക്ഷേപം ഉന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ ഉത്തരവ്.
ഫലം പ്രഖ്യാപനത്തിലുണ്ടായ അനിശ്ചിതത്വത്തെ തുടര്‍ന്ന് സിബിഎസ്ഇ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഫലം പ്രഖ്യാപനം സംബന്ധിച്ച് ആശങ്ക സുപ്രീം കോടതി ഉത്തരവോടെ നീങ്ങി.
ഏകീകൃത രീതിയിലല്ല എല്ലാ സംസ്ഥാനങ്ങളിലും പരീക്ഷ നടത്തിയതെന്ന് ആരോപിച്ചുകൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് നീറ്റ് ഫലപ്രഖ്യാപനത്തിന് മദ്രാസ് ഹൈക്കോടതി സ്‌റ്റേ നല്‍കിയത്. എന്നാല്‍, ഹര്‍ജിക്കാരുടെ ആരോപണം സിബിഎസ്ഇ നിഷേധിച്ചിരുന്നു. പ്രാദേശിക ഭാഷയിലെ ചോദ്യക്കടലാസ് ഇംഗ്ലീഷ് ഭാഷയിലെ ചോദ്യക്കടലാസുകളെക്കാള്‍ എളുപ്പമുള്ളതാണെന്നാണ് ആരോപണം ഉയര്‍ന്നത്.













