നീരവ് മോദിയും കുടുംബവും നാടുവിട്ടു

പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 11,400 കോടി രൂപയോളം വെട്ടിച്ച കേസിലെ മുഖ്യ സൂത്രധാരന്‍ നീരവ് മോദിയും കുടുംബവും നാടുവിട്ടു. തട്ടിപ്പിനെക്കുറിച്ച്‌ ബാങ്ക് പരാതികൊടുക്കുകയും സി.ബി.ഐ.കേസെടുക്കുകയും ചെയ്യുന്നതിന് മുന്‍പെ തന്നെ കേസിലെ പ്രധാനപ്രതികളെല്ലാം ഇന്ത്യ വിട്ടെന്നാണ് സി.ബി.ഐ. കണ്ടെത്തിയത്.

ജനുവരി 29-നാണ് 280 കോടിയുടെ വെട്ടിപ്പിനെക്കുറിച്ച്‌ ബാങ്ക് പരാതി നല്‍കിയത്. അതനുസരിച്ച്‌ നീരവ് മോദി, ഭാര്യ അമി, സഹോദരന്‍ നിഷാല്‍!, ബിസിനസ് പങ്കാളി ചോക്സി എന്നിവര്‍ക്കെതിരേ ജനുവരി 31-ന് കേസെടുത്തു. ജനുവരി ഒന്നിനാണ് നീരവും ബെല്‍ജിയന്‍ പൗരനായ സഹോദരന്‍ നിഷാലും രാജ്യംവിട്ടത്. യു.എസ്. പൗരത്വമുള്ള ഭാര്യ അമിയും ഗീതാഞ്ജലി ജൂവലറി ശൃംഖലയുടെ ഇന്ത്യയിലെ പ്രൊമോട്ടറും നീരവിന്റെ ബിസിനസ് പങ്കാളിയുമായ മെഹുല്‍ ചോക്സിയും ജനുവരി ആറിന് ഇന്ത്യവിട്ടു. കേസെടുത്തതിനുപിന്നാലെ നാലുപേര്‍ക്കുമെതിരേ സി.ബി.ഐ. ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു. തന്റെ ആസ്തികള്‍ വിറ്റ് 6000 കോടി രൂപ ബാങ്കിന് തിരിച്ചടയ്ക്കാമെന്ന് നീരവ് മോദി ബാങ്കിനെ അറിയിച്ചതായി വാര്‍ത്തയുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.

അതിനിടെ, മുഖ്യപ്രതി രത്നവ്യാപാരി നീരവ് മോദിയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റും സി.ബി.ഐ.യും നടത്തിയ റെയ്ഡില്‍ 5,100 കോടി രൂപയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു. 3.9 കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. നീരവിന്റെ മുംബൈ കാലഘോഡയിലുള്ള ഷോറൂം, ഓഫീസ്, കുര്‍ളയിലെ വസതി, ബാന്ദ്ര, ലോവര്‍ പരേല്‍ എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍, ഡല്‍ഹി ചാണക്യപുരിയിലെയും ഡിഫന്‍സ് കോളനിയിലെയും ഷോറൂമുകള്‍, സൂറത്തിലെ ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.

പന്ത്രണ്ടിടങ്ങളിലായി രാവിലെ തുടങ്ങിയ തിരച്ചിലില്‍ വജ്രവും സ്വര്‍ണവും അടക്കമുള്ള വന്‍ ആഭരണ-സ്വത്ത് ശേഖരം കണ്ടെത്തി. 95 രേഖകളും രസീതുകളും ബില്ലുകളും പിടിച്ചെടുത്തു. ഇതില്‍ ഒന്‍പത് രേഖകള്‍ നീരവ് മോദിയുടെ സ്വത്തു സംബന്ധിച്ചുള്ളതാണ്. അഞ്ചിടങ്ങളിലെ സ്വത്ത് താത്കാലികമായി ഇ.ഡി. ഏറ്റെടുത്തു. പാസ്പോര്‍ട്ട് റദ്ദാക്കണമെന്ന് അന്വേഷണ സംഘം വിദേശമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു നടപടി തുടങ്ങിയതായി കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

നീരവുമായി ബന്ധപ്പെട്ടവരെക്കൂടാതെ പ്രതിചേര്‍ക്കപ്പെട്ട രണ്ട് ഉന്നത ബാങ്ക് ഉദ്യോഗസ്ഥരുടെ വീടുകളിലും സി.ബി.ഐ. റെയ്ഡ് നടത്തി; ഇപ്പോള്‍ വിരമിച്ച ഗോകുല്‍നാഥ് ഷെട്ടി, സസ്പെന്‍ഷനിലുള്ള മനോജ് ഖാരാട്ട് എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ബാങ്കിനെ വെട്ടിച്ചുണ്ടാക്കിയ പണമുപയോഗിച്ച്‌ അനധികൃത സ്വത്തു സമ്ബാദിച്ചതിനാണ് കള്ളപ്പണ നിരോധന നിയമമമനുസരിച്ച്‌ എന്‍ഫോഴ്സ്മെന്റ് കേസെടുത്തിരിക്കുന്നത്.

കുംഭകോണത്തെച്ചൊല്ലി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസും സി.പി.എമ്മും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ ജനുവരി 23-ന് നടന്ന ലോക ഇക്കണോമിക് ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഇന്ത്യയിലെ വിവിധ കമ്ബനിമേധാവികള്‍ നില്‍ക്കുന്ന ഫോട്ടോയില്‍ നീരവുമുണ്ട്. ഇതാണ് വിമര്‍ശനത്തിന് പ്രധാനകാരണം. സംഭവത്തെക്കുറിച്ച്‌ പ്രധാനമന്ത്രിക്ക് അറിവുണ്ടായിരുന്നെന്നും തടയാന്‍ ശ്രമിച്ചില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ആരോപണം അസംബന്ധം

പ്രധാനമന്ത്രിയുമായി ബന്ധമുണ്ടെന്ന ആരോപണം ദുരുദ്ദേശ്യപരമാണ്. ദാവോസില്‍ നീരവ് മോദി സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയായിരുന്നില്ല. സ്വന്തം നിലയ്ക്കാണെത്തിയത്. ഒരു വ്യവസായ സംഘടനയുടെ ഭാഗമെന്ന നിലയിലാണ് ഗ്രൂപ്പ് ഫോട്ടോയില്‍ നീരവ് ഇരുന്നത്. മോദി എന്ന് പലരും സ്വന്തം പേരിനൊപ്പം ഉപയോഗിക്കുന്നുണ്ട്. അവര്‍ക്കെല്ലാം പ്രധാനമന്ത്രിയുമായി ബന്ധമുണ്ടെന്ന ആരോപണം അസംബന്ധമാണ്. കുംഭകോണത്തില്‍ ഉള്‍പ്പെട്ട ഒരാളെപ്പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ല.
-രവിശങ്കര്‍ പ്രസാദ്, കേന്ദ്ര നിയമമന്ത്രി

Spread the love

Leave a Reply

Your email address will not be published. Required fields are marked *