നീതി ലഭിക്കും വരെ പോരാടുമെന്ന് അവര്‍ പറഞ്ഞു; ഞങ്ങള്‍ പിന്തുണയുമായി ഒപ്പമുണ്ടാകുമെന്ന് രമ്യാനമ്പീശന്‍


നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതികള്‍ പിടിയിലായെങ്കിലും നീതി ലഭിക്കും വരെ പോരാടുമെന്ന് അവള്‍ പറഞ്ഞതായി നടിയുടെ സുഹൃത്ത് രമ്യാ നമ്പീശന്‍. ആഘാതത്തില്‍ നിന്നും മുക്തയായി വരികയാണെന്നും അവള്‍ക്ക് നീതികിട്ടാന്‍ സുഹൃത്തുക്കളായ തങ്ങള്‍ പിന്തുണയുമായി എപ്പോഴുമുണ്ടാകുമെന്നും രമ്യാനന്പീശന്‍ ഒരു ചാനലിനോട് വ്യക്തമാക്കി.


സംഭവത്തിന് പിന്നാലെ രമ്യാനമ്പീശനൊപ്പമാണ് നടിയിപ്പോള്‍. പ്രശ്‌നത്തിന് പിന്നാലെ ലാലിന്റെ വീട്ടില്‍ അഭയം തേടിയ നടി അവിടെ നിന്നുമായിരുന്നു ഉറ്റ സുഹൃത്തായ രമ്യാ നന്പീശന്റെ അരികിലേക്ക് എത്തിയത്. കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി പിടിയിലായത് നടിക്ക് ആശ്വാസം നല്‍കുന്നുണ്ട്.നേരത്തേ അറസ്റ്റ് വൈകിയതില്‍ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ വാര്‍ത്ത ആശ്വാസം നല്‍കുന്നുണ്ട്. സുഹൃത്തുക്കളും പൊതുസമൂഹവും ഒപ്പം നിലയുറപ്പിച്ചതും ധൈര്യവും ആത്മവിശ്വാസവും പകരുന്ന കാര്യങ്ങളാണ്.


കഴിഞ്ഞ ദിവസം നാടകീയമായിട്ടായിരുന്നു കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനി അറസ്റ്റിലായത്. കോടതിയില്‍ കീഴടങ്ങാന്‍ എത്തിയ സുനിയെയും സുഹൃത്തിനെയും പോലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. അതേസമയം താന്‍ ചെയ്തത് ക്വട്ടേഷന്‍ അല്ലെന്നും ബഌക്ക് മെയിലിംഗിന് വേണ്ടിയുള്ള ശ്രമമാണ് നടത്തിയതെന്നും പള്‍സര്‍ സുനി പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.



Sharing is Caring