നീണ്ട 12 വർഷത്തിന് ശേഷം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു. മാസങ്ങളുടെ വ്യത്യാസത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ അടുത്ത ഐസിസി ട്രോഫി ഉയർത്തി രാജ്യത്തെ ഉന്നതങ്ങളിൽ എത്തിച്ചു. ഇപ്പോൾ നടന്ന ആവേശകരമായ മത്സരത്തിൽ ന്യുസിലാൻഡിനെതിരെ ഇന്ത്യ 4 വിക്കറ്റുകൾക്ക് വിജയിച്ച് ചാമ്പ്യൻസ് ട്രോഫി ജേതാക്കളായി.മത്സരത്തിൽ ഇന്ത്യയുടെ എല്ലാ ഡിപ്പാർട്മെന്റും പൂർണ അധിപത്യത്തിലാണ് നിന്നിരുന്നത്. ഇന്ത്യൻ സ്പിന്നർമാരായ കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ എന്നിവരുടെ മാജിക്കൽ ബോളിങ് പ്രകടനത്തിൽ ന്യുസിലാൻഡിനെ 251 ന് തളയ്ക്കാൻ സാധിച്ചു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക്, മുൻപിൽ നിന്ന് ക്യാപ്റ്റൻ രോഹിത് ശർമയും വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും മികച്ച തുടക്കം നൽകി.
ഇന്ത്യയോട് ടോപ് സ്കോറർ രോഹിത് ശർമയാണ്. താരം 83 പന്തുകളിൽ 3 സിക്സും 7 ഫോറും അടക്കം 76 റൺസാണ് നേടിയത്. കൂടാതെ ശുഭ്മാൻ ഗിൽ 31 റൺസ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച് വെച്ചു. നാലാമനായി ഇറങ്ങിയ ശ്രേയസ് അയ്യർ 48 റൺസും, അക്സർ പട്ടേൽ 29 റൺസും ഹാർദിക് പാണ്ട്യ 18 റൺസും നേടി. അവസാനം വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി കെ എൽ രാഹുലും(31*)രവീന്ദ്ര ജഡേജയും (9*) ഇന്ത്യയെ വിജയത്തിൽ എത്തിച്ചു.ബോളിങ്ങിൽ ന്യുസിലാൻഡിന് വേണ്ടി മിച്ചൽ സാന്റ്നറും, മൈക്കിൾ ബ്രെസ്വെല്ലും രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. കൈൽ ജേമിസൺ രചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

ന്യുസിലാൻഡ് ബാറ്റർമാർക്ക് മോശം സമയമാണ് ഇന്ത്യൻ സ്പിന്നർമാർ നൽകിയത്. ഇന്ത്യക്ക് വേണ്ടി ബോളിങ്ങിൽ രണ്ട് വിക്കറ്റുകൾ വീതം കുൽദീപ് യാദവും, വരുൺ ചക്രവർത്തിയും വീഴ്ത്തി. കൂടാതെ രവീന്ദ്ര ജഡേജ മുഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റുകളും നേടി മികച്ച പ്രകടനം കാഴ്ച് വെച്ചു.













