തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിൽ ഇളവുകൾ നൽകി സർക്കാർ. റംസാൻ പ്രമാണിച്ച് ഇറച്ചിക്കടകൾക്ക് ബുധനാഴ്ച രാത്രി പത്ത് വരെ പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകി. കടകൾ ഹോം ഡെലിവറി മാത്രമേ നടത്താൻ പാടുള്ളൂവെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവർക്ക് ബുധനാഴ്ച മുതൽ യാത്രയ്ക്ക് 72 മണിക്കൂർ മൂൻപെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് മതി. മുമ്പ് 48 മണിക്കൂർ മുൻപുള്ള പരിശോധനാ ഫലമാണ് നിർദേശിച്ചിരുന്നത്. കൊച്ചി ഭക്ഷ്യ സുരക്ഷാ സ്റ്റാൻഡേർഡ് അതോറിറ്റിയ്ക്ക് അത്യാവശ്യ ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം.

ഈ മാസം 15ന് ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും അവധി നൽകി. 15ന് അവധിയാണെങ്കിലും ബാങ്കുകളിൽ മിനിമം ജീവനക്കാരെ നിയോഗിച്ച് ക്ലിയറിംഗ് ജോലികൾ ചെയ്യാമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.













