നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; മൂന്ന് മുന്നണികളും പ്രതീക്ഷ വെക്കുന്ന വഴിക്കടവ് ആദ്യ സൂചനകള്‍ നല്‍കും


നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചന രാവിലെ എട്ടേകാലോടെ ലഭ്യമാകും. മൂന്ന് മുന്നണികളും പ്രതീക്ഷ വെക്കുന്ന വഴിക്കടവ് പഞ്ചായത്തിലെ വോട്ടെണ്ണല്‍ ആരംഭിക്കുന്നതോടെ ആദ്യ ട്രെന്‍ഡ് ആര്‍ക്കൊപ്പം എന്നറിയാന്‍ കഴിയും. യുഡിഎഫിന് ഭൂരിപക്ഷമുള്ളതും അവര്‍ ഭരിക്കുകയും ചെയ്യുന്ന പഞ്ചായത്താണ് വഴിക്കടവ്.


2016-ല്‍ പി വി അന്‍വറിന് 2000 വോട്ടിലേറെ ലീഡുണ്ടായിരുന്ന പഞ്ചായത്തില്‍ 2021 ആയപ്പോള്‍ ലീഡ് 35 ആയി ചുരുങ്ങിയിരുന്നു. 46 ബൂത്തുകളാണ് വഴിക്കടവിലുള്ളത്. വഴിക്കടവ്, മൂത്തേടം, കരുളായി, എടക്കര, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും അവസാനം അമരമ്പലം പഞ്ചായത്തുമാണ് എണ്ണുക.


എടക്കരയിലേയും പോത്തുകല്ലിലേയും, ചുങ്കത്തറയിലേയും നഗരസഭയിലേയും വോട്ടുകള്‍ എണ്ണുന്നതോടെ ചിത്രം വ്യക്തമാകും. അതേ സമയം ഉയര്‍ന്ന വോട്ടിങ് ശതമാനമാണ് മുന്നണികളെ മുള്‍മുനയിലാക്കുന്നത്. 11 മണിക്കുള്ളില്‍ ഫലപ്രഖ്യാപനം ഉണ്ടാകും.



Sharing is Caring