സ്വകാര്യ ബസുകള്‍ വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗതാഗതവകുപ്പ് മന്ത്രിയുമായി 14ന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക, സ്റ്റേജ് ഗാരേജുകളുടെ വര്‍ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക, പെട്രോളിയം ഉത്പന്നങ്ങളെ ചരക്ക്-സേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ആവശ്യങ്ങള്‍ ചര്‍ച്ചയിലൂടെ അംഗീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സെപ്റ്റംബര്‍ 14 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നും അവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ ലോറന്‍സ് ബാബു, ഭാരവാഹികളായ എം.ബി.സത്യന്‍, ടി.ജെ.രാജു, ജോണ്‍സണ്‍ പയ്യപ്പിള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.

അതിനിടെ മന്ത്രി തോമസ് ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സമരത്തില്‍നിന്നു പിന്‍മാറി. നിരക്കുവര്‍ധന സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി, ധനമന്ത്രി എന്നിവരുടെ അധ്യക്ഷതയില്‍ ഉടന്‍ ചര്‍ച്ച നടത്താമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ടി.ഗോപിനാഥന്‍ അറിയിച്ചു.
അതേസമയം മറ്റു സംഘടനകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ല. കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍, ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍, കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം തുടങ്ങിയ സംഘടനകള്‍ പണിമുടക്കില്‍ ഉറച്ചുനില്‍ക്കുകയാണ്.













