നാരദ കേസ് :തൃണമൂല്‍ എം പി മാരെ ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ


ന്യൂഡല്‍ഹി : നാരദ സിറ്റിംഗ് ഓപ്പറേഷന്‍ കേസുമായി ബന്ധപ്പെട്ട് മൂന്ന് തൃണമൂല്‍ എം പി മാരെ ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ . ഇതിനായി ലോക്സഭാ സ്പീക്കര്‍ക്ക് സിബിഐ അന്വേഷണ സംഘം കത്ത് നല്‍കി . 2016ലെ നാരദ സ്റ്റിങ് ഓപ്പറേഷന്‍ കേസിലാണ് മൂന്ന് ടി.എം.സി എം.പിമാര്‍ക്കും ഒരു മുന്‍ എം.പിക്കുമെതിരെ സി.ബി.ഐ നീങ്ങുന്നത്. സൌഗത റോയ്, കകോലി ഘോഷ്, പ്രസൂണ്‍ ബാനര്‍ജി എന്നിവര്‍ക്കെതിരായി വിചാരണാനുമതി തേടി സി.ബി.ഐ ലോക്സഭ സ്പീക്കറെ സമീപിച്ചു. ഇപ്പോള്‍ ബംഗാളില്‍ മന്ത്രിയും മുന്‍ എം.പിയുമായ ശുഭേന്ദു അധികാരിയാണ് നാലാമന്‍. അനുമതി ലഭിച്ചാല്‍ നാല് പേരെയും പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് വിവരം.


2016ലാണ് നാരദ ന്യൂസിന്‍റെ ‌സ്റ്റിങ് ഓപ്പറേഷനില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുടുങ്ങിയത്. നേതാക്കള്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളാണ് നാരദ പുറത്തുവിട്ടത്. 2017ല്‍ തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മുകുള്‍ റോയിയെ പ്രതിയാക്കില്ലെന്നും അദ്ദേഹത്തിനെതിരെ അന്വേഷണം തുടരുമെന്നുമാണ് സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചത്. കാമറയില്‍ കുടുങ്ങിയ സോവന്‍ ചാറ്റര്‍ജി പ്രതി ചേര്‍ക്കപ്പെടുമോയെന്ന് വ്യക്തമല്ല. അദ്ദേഹവും തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേരുകയുണ്ടായി.




Sharing is Caring