ഐഎന്‍എക്സ്‌ മീഡിയ കേസ് :പി.ചിദംബരത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും


ന്യൂഡല്‍ഹി: ഐഎന്‍എക്സ്‌ മീഡിയ കേസില്‍ സിബിഐ കസ്റ്റഡിയില്‍ കഴിയുന്ന പി.ചിദംബരത്തെ ഇന്ന് റോസ് അവന്യു കോടതിയില്‍ ഹാജരാക്കും.ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ആഗസ്റ്റ് 21 നാണ് പി.ചിദംബരത്തെ സിബിഐ അറസ്റ്റുചെയ്തത്.


പിറ്റേന്ന് ചിദംബരത്തെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നാലു ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിടുകയായിരുന്നു. പിന്നീട് 4 ദിവസം കൂടി നീട്ടി നല്‍കി. അങ്ങനെ എട്ടു ദിവസമായി ചിദംബരം സിബിഐ കസ്റ്റഡിയിലാണ്. ചിദംബരത്തെ കൂട്ട് പ്രതികള്‍ക്കൊപ്പം ചോദ്യം ചെയ്തതായാണ് വിവരം.


കസ്റ്റഡി നീട്ടണമെന്ന ആവശ്യം സിബിഐ ഉന്നയിച്ചില്ലെങ്കില്‍ ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. കേസിന്‍റെ അന്വേഷണ പുരോഗതി സിബിഐ ഇന്ന് കോടതിയെ അറിയിക്കും.
അതേസമയം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ സുപ്രീം കോടതി അടുത്ത മാസം അഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.



Sharing is Caring