നവൽ എന്ന ജുവൽ ഒരു വ്യത്യസ്ത ചിത്രം

അപരിചിത ദേശങ്ങളിലെ മലയാളി ജീവിതത്തിന്റെ വേറിട്ടഭാവങ്ങളുമായി ഒരു മലയാള സിനിമ, ‘നവല്‍ എന്ന ജുവല്‍’. നവാഗതനായ രഞ്ജിലാല്‍ ദാമോദരന്‍ ആണ് സംവിധാനം.

കേരളത്തിന്റെയും ഇറാന്റെയും സാംസ്‌കാരിക പശ്ചാത്തലങ്ങളിലുള്ള കഥപറയുന്ന ചിത്രം ഓഗസ്റ്റ് 11നു തീയേറ്ററുകളില്‍ എത്തും. ഹോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ഇറാഖി നടി റീം കാദിമിനും ബോളിവുഡ് നടന്‍ ആദില്‍ ഹുസൈനുമൊപ്പം മലയാളത്തില്‍ നിന്നും ശ്വേതാമേനോനും പ്രധാന കഥാപാത്രമാവുന്നു. ശ്വേതാ മേനോന്‍ കഥാപാത്രത്തിന്റെ മേക് ഓവര്‍ ചിത്രത്തിന്റെ സസ്‌പെന്‍സുകളില്‍ ഒന്നാണ്. അതീവ സുരക്ഷാ സംവിധാനങ്ങളോടെ ഒമാനില്‍ ചിത്രീകരിച്ച ശ്വേതാമേനോന്‍ കഥാപാത്രത്തിന്റെ രൂപഭാവങ്ങള്‍ ചിത്രീകരണസമയത് തന്നെ വാര്‍ത്തയായിരുന്നു.

മലയാളിയുടെ അന്തര്‍ദേശീയ ജീവിതത്തിന്റെ കഥ പറയുന്ന ‘നവല്‍ എന്ന ജുവല്‍’ ഒരമ്മയും മകളും കടന്നുപോകുന്ന ജീവിത സംഘര്‍ഷങ്ങളിലൂടെ സമകാലിക ലോകത്തിന്റെ സാമൂഹിക രാഷ്ട്രീയ ചിത്രീകരണമാവുന്നു. സംവിധായകന്‍ രഞ്ജിലാലിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയത് വി. കെ. അജിത്കുമാറും രഞ്ജിലാലും ചേര്‍ന്നാണ് . റഫീഖ് അഹമ്മദിനൊപ്പം പതിനഞ്ചു വയസുകാരിയായ കാവ്യമയി ഗാനരചയിതാവായ ചിത്രത്തിന്റെ സംഗീത സംവിധാനം എം. ജയചന്ദ്രനും പശ്ചാത്തല സംഗീതം ഹോളിവുഡ് സംഗീതജ്ഞനായ എഡി ടോറസുമാണ്.

സുധീര്‍ കരമന, അനുസിത്താര, അഞ്ജലി നായര്‍, പാരിസ് ലക്ഷ്മി, മണികണ്ഠന്‍ പട്ടാമ്പി, ചാലി പാല എന്നിവരാണ് മലയാളത്തില്‍ നിന്നുള്ള മറ്റ് അഭിനേതാക്കള്‍. കേരളത്തിലും ഒമാനിലുമായി ഒരുമാസംകൊണ്ട് മലയാളത്തിലും ഇംഗ്ലീഷിലുമായി പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഗാനങ്ങളും ട്രെയ്‌ലറുകളും ഇതിനകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *