നവീനുമായുള്ള നടി ഭാവനയുടെ വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന് നടി ഭാവന. എന്റെ വിവാഹ നിശ്ചയമാണ് ഇന്നലെ കഴിഞ്ഞത്. വിവാഹമല്ല. ചടങ്ങുകള്‍ വാര്‍ത്തയാകേണ്ട എന്നുകരുതി വളരെ രഹസ്യമായി നടത്താനായിരുന്നു പ്ലാന്‍. അതിനുവേണ്ടി ചടങ്ങുകള്‍ എല്ലാം എന്റെ വീട്ടിലാണ് നടന്നത് -ഭാവന പറഞ്ഞു.
തന്റെ അടുത്ത കൂട്ടുകാരെ പോലും ക്ഷണിച്ചില്ലെന്നും വിവാഹനിശ്ചയ വിവരം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും നടി പറഞ്ഞു. കല്ല്യാണം എല്ലാവരെയും അറിയിക്കാം എന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ വാര്‍ത്ത പുറത്താകുകയായിരുന്നെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.

‘നവീനുമായി അഞ്ചു വര്‍ഷത്തെ പരിചയം എനിക്കുണ്ട്.
എന്റെ ആദ്യ കന്നട ചിത്രമായ റോമിയോ നിര്‍മ്മിച്ചത് അദ്ദേഹമാണ്. ആ പരിചയത്തില്‍ നിന്നാണ് ഈ ബന്ധം ഉണ്ടായത്’ ഇന്നലെ രാവിലെ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലാണ് ഭാവനയുടെ വിവാഹനിശ്ചയം നടന്നത്. ഭാവനയുടെ അടുത്ത സുഹൃത്തും നടിയുമായ മഞ്ജു വാര്യരും സംയുക്താ വർമ്മയും ചടങ്ങുകളിൽ പങ്കെടുത്തു. മഞ്ജുവിനെ കൂടാതെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.













