നഴ്‌സുമാരുടെ സമരം; സംഘടനകളുമായി തൊഴില്‍ മന്ത്രി നാളെ ചര്‍ച്ച നടത്തും


സമരം ചെയ്യുന്ന നഴ്‌സുമാരുടെ സംഘടനകളുമായി തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ നാളെ ചര്‍ച്ച നടത്തും. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ (ഐഎന്‍എ), യൂണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) എന്നീ സംഘടനകളുമായിട്ടാണ് ചര്‍ച്ച നടത്തുക. രാവിലെ 11 മണിക്ക് ഐഎന്‍എയുമായും വൈകിട്ട് നാലിന് യുഎന്‍എയുമായിട്ടാകും ചര്‍ച്ച നടത്തുക.


ശമ്പള പരിഷ്‌കരണം ചര്‍ച്ച ചെയ്യാന്‍ അടുത്ത തിങ്കളാഴ്ച്ച വ്യവസായ ബന്ധ സമിതി ചേരുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി. സര്‍ക്കാര്‍ നേഴ്‌സുമാര്‍ക്ക് ഒപ്പമാണ്. സമരം അവസാനിപ്പിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.


ശമ്പള വര്‍ധന ആവശ്യപ്പെട്ടുകൊണ്ടുള്ള നഴ്സുമാരുടെ അനിശ്ചിതകാല സമരം തുടരുകയാണ്. ജൂണ്‍ 11 ന് പണിമുടക്കുമെന്ന് യുണൈറ്റഡ് നഴ്സ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. അന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. സ്വകാര്യ ആശുപത്രികളിലെ മൂന്നിലൊന്ന് ജീവനക്കാര്‍ മാത്രമേ അന്ന് ജോലിക്കെത്തുകയുള്ളൂവെന്നും 20 ന് ശേഷം തീരുമാനമായില്ലെങ്കില്‍ ആശുപത്രികള്‍ സ്തംഭിപ്പിച്ച് സമരം നടത്തുമെന്നും യുണൈറ്റഡ് നഴ്സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.
അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കണമെന്നും വേതനം 50 ശതമാനം വര്‍ധിപ്പിക്കണമെന്നുമാണ് സഴ്സുമാരുടെ ആവശ്യം. അടിസ്ഥാന ശബളം 50 ശതമാനം കൂട്ടാനാവില്ലെന്ന നിലപാടിലാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍. സുപ്രീംകോടതിയുടെയും സര്‍ക്കാര്‍ നിയോഗിച്ച വിവിധ കമ്മീഷനുകളുടെയും നിര്‍ദേശമുണ്ടായിട്ടും ശമ്പള വര്‍ധന നടപ്പാക്കാത്ത സ്വകാര്യ ആശുപത്രി നിലപാടിനെതിരെയാണ് നഴ്‌സുമാര്‍ സമരം പ്രഖ്യാപിച്ചത്. സുപ്രീംകോടതി മാര്‍ഗ നിര്‍ദേശമനുസരിച്ച് അടിസ്ഥാന ശമ്പളം 20,000 രൂപയായി ഉയര്‍ത്തണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം



Sharing is Caring