നമീബിയക്കെതിരെ ആധികാരിക ജയം; ഇന്ത്യയുടെ ലോകകപ്പ് ക്യാമ്പയിൻ അവസാനിച്ചു

ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ നമീബിയക്കെതിരെ ഇന്ത്യക്ക് ആധികാരിക ജയം. 9 വിക്കറ്റിനാണ് ഇന്ത്യ അവസാന ഗ്രൂപ്പ് മത്സരത്തിൽ നമീബിയയെ കീഴടക്കിയത്. നമീബിയ മുന്നോട്ടുവച്ച 133 റൺസ് വിജയലക്ഷ്യം 15.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. ഇതോടെ ടി-20 ലോകകപ്പ് ക്യാമ്പയിൻ ജയത്തോടെ അവസാനിപ്പിക്കാൻ ഇന്ത്യക്ക് സാധിച്ചു. ടി-20 ക്യാപ്റ്റനായി കോലിയുടെയും ഇന്ത്യൻ പരിശീലകനായി രവി ശാസ്ത്രിയുടെയും അവസാന മത്സരമായിരുന്നു ഇത്. (india won namibia t20)

ബുദ്ധിമുട്ടുകളൊന്നുമില്ലാതെയാണ് ഇന്ത്യ നമീബിയക്കെതിരെ വിജയിച്ചത്. ആദ്യ വിക്കറ്റിൽ തന്നെ രാഹുലും രോഹിതും ചേർന്ന് 86 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ഇതിനിടെ 31 പന്തിൽ ഫിഫ്റ്റി തികച്ച രോഹിത് രാജ്യാന്തര ടി-20യിൽ 3000 റൺസും തികച്ചു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്കും കിവീസ് ഓപ്പണർ മാർട്ടിൻ ഗപ്റ്റിലിനും ശേഷം ഈ നേട്ടത്തിലെത്തുന്ന താരമാണ് രോഹിത്. 37 പന്തുകളിൽ 56 റൺസെടുത്ത രോഹിതിനെ പുറത്താക്കിയ ജാൻ ഫ്രൈലിങ്ക് ആണ് ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചത്.

മൂന്നാം നമ്പറിൽ കോലിക്ക് പകരം സൂര്യകുമാർ യാദവ് എത്തി. സൂര്യയും മികച്ച ഫോമിലായിരുന്നു. ഇതിനിടെ 35 പന്തുകളിൽ രാഹുലും ഫിഫ്റ്റി തികച്ചു. രണ്ടാം വിക്കറ്റിൽ രാഹുൽ-സൂര്യ സഖ്യം അപരാജിതമായ 47 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ലോകേഷ് രാഹുൽ (54), സൂര്യകുമാർ യാദവ് (25) എന്നിവർ പുറത്താവാതെ നിന്നു.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ നമീബിയ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 132 റൺസാണ് നേടിയത്. 26 റൺസെടുത്ത ഡേവിഡ് വീസ് ആണ് നമീബിയയുടെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി അശ്വിനും ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *